മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ചികിത്സിച്ചിരുന്ന ഡോക്ടറെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അലക്സാണ്ടര്‍ മുറഖോവ്സ്‌കി എന്ന സൈബീരിയന്‍ ഡോക്ടറെയാണ് കാണാതായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാട്ടില്‍ വേട്ടയ്ക്കായി പോയ അലക്‌സാണ്ടറെപ്പറ്റി പിന്നീട് യാതൊരു വിവരവുമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. മോസ്‌കോയില്‍ നിന്ന് 2200 കിലോമീറ്റര്‍ അകലെയുള്ള ഓംസ്‌ക് മേഖലയിലെ പൊലീസാണ് ഇക്കാര്യം പറഞ്ഞത്.
ഡോക്ടറെ കണ്ടെത്താനായി നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ഡ്രോണുകളും ഹെലികോപ്റ്ററും ഉപയോഗിച്ച് പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ ഡോക്ടറെപ്പറ്റി യാതൊരു വിവരവും കണ്ടെത്താനായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
മോസ്‌കോയിലെ ഓംസ്‌ക് ആശുപത്രിയിലെ ഡോക്ടറാണ് അലക്‌സാണ്ടര്‍ മുറഖോവ്സ്‌കി. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയില്‍ കുഴഞ്ഞുവീണ നവാല്‍നിയെ പ്രവേശിപ്പിച്ച ആശുപത്രി കൂടിയായിരുന്നു ഓംസ്‌കിലേത്.
ഈ ആശുപത്രിയില്‍ നവാല്‍നിയെ ചികിത്സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റെ തലവനായിരുന്നു മുറഖോവ്സ്‌കി. ആദ്യം നവാല്‍നിയെ അലക്സാണ്ടറുടെ നേതൃത്വത്തില്‍ ചികിത്സിച്ചിരുന്നുവെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് മാറ്റുകയായിരുന്നു.
വിദഗ്ധ പരിശോധനയില്‍ നവാല്‍നിയ്ക്ക് വിഷബാധയേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് നവാല്‍നി ആരോഗ്യം വീണ്ടെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റഷ്യന്‍ പ്രതിപക്ഷ നേതാവും വ്‌ളാദിമര്‍ പുടിന്‍ വിമര്‍ശകനുമായ അലക്സി നവാല്‍നിയെ പരോള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് മൂന്ന് വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്.
നവാല്‍നി വിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കോടതി പറഞ്ഞിരുന്നു. ബെര്‍ലിനില്‍ നിന്ന് മോസ്‌കോയിലേക്ക് തിരികെയെത്തിയ നവാല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവരെ റഷ്യന്‍ സര്‍ക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു.
സ്വാതന്ത്ര്യം, പുടിന്‍ കള്ളനാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരക്കാര്‍ തെരുവിലിറങ്ങിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക