| Thursday, 6th December 2018, 8:52 am

ഇടത് കാലിന് ചെയ്യേണ്ട ശസ്ത്രക്രിയ വലതുകാലിന്; നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒന്നരവര്‍ഷം മുമ്പാണ് കവള മുക്കട്ട മച്ചിങ്ങല്‍ സ്വദേശി ആയിഷയുടെ ഇടതുകാലിന് വീഴ്ചയെ തുടര്‍ന്ന് പരുക്കുപറ്റിയത്. മുട്ടിന് താഴെയായി എല്ലിന് ഒടിവ് സംഭവിച്ചു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനെയായിരുന്നു സമീപിച്ചത്. കാലിന് കമ്പിയിടുകയും ചെയ്തു. അന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് ഒന്നരവര്‍ഷത്തിനുശേഷം കമ്പി നീക്കം ചെയ്യാനായി ആയിഷ ചികിത്സ തേടിയത്.

നേരത്തെ ചികിത്സിച്ച അതേ ഡോക്ടറെ തന്നെ സമീപിക്കുകയായിരുന്നു. പ്രമേഹമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചതു പ്രകാരം ഒമ്പതു ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായെന്നാണ് ആയിഷയുടെ ബന്ധുക്കള്‍ പറയുന്നത്.

പ്രമേഹ രോഗിയായതിനാല്‍ ഒമ്പത് ദിവസം മുമ്പ് ആശുപത്രിയില്‍ ചികിത്സയ്ക്കായി ആയിഷയെ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞദിവസം എടുത്ത എക്സ്റേയും ഒടിവു പറ്റിയപ്പോള്‍ എടുത്ത എക്സ്റേയും ഉള്‍പ്പെടെ ഇന്നലെ രാവിലെ ഓപ്പറേഷന്‍ തിയേറ്ററിലെത്തി ഡോക്ടറെ കാണിച്ചിരുന്നെന്നും ആയിഷ പറഞ്ഞു.

Also Read:‘ഇന്ത്യന്‍ മുസ്‌ലീങ്ങളെ കാത്തിരിക്കുന്നത് മോശം ദിവസങ്ങള്‍; ഇനിയെങ്കിലും ഈ അട്ടകളില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍…’ മുന്നറിയിപ്പുമായി കട്ജു

എന്നാല്‍ ഡോക്ടര്‍ വലതുകാലില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കാല് മരവിപ്പിച്ചതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയക്കിടെ വിവരം പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്നും ആയിഷ പറയുന്നു. ഒടുവില്‍ അബദ്ധം മനസ്സിലായപ്പോള്‍ ഇടതുകാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയാണുണ്ടായതെന്നാണ് അവര്‍ പറയുന്നത്.

ആയിഷയുടെ വലതുകാലിന്റെ മുട്ടിന് താഴെ മറ്റൊരു മുറിപ്പാടുണ്ട്. അതുകണ്ട് ഡോക്ടര്‍ തെറ്റിദ്ധരിച്ചതാകാം എന്ന് കരുതുന്നു. സംഭവത്തില്‍ ആയിഷയുടെ കുടുംബാംഗങ്ങള്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ഡി.എം.ഒക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് ആയിഷയുടെ മകന്‍ ഷൗക്കത്ത് പറഞ്ഞു.

ആയിഷ ഇപ്പോഴും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏതുകാലിലാണ് കമ്പിയെന്ന് ചോദിച്ചപ്പോള്‍ ആയിഷ വലതുകാല്‍ കാട്ടിയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. “രോഗി പറഞ്ഞത് വലതുകാലിനാണ് പ്രശ്‌നമെന്നാണ്. അതിനനുസരിച്ച് ശസ്ത്രക്രിയ ചെയ്തു. തുറന്നുനോക്കുമ്പോള്‍ കമ്പി അതിനുള്ളിലല്ലയെന്ന് ബോധ്യപ്പെട്ടു. അതോടെ ഇടത്തേക്കാലില്‍ ശസ്ത്രക്രിയ നടത്തുകയാണുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം.” എന്നാണ് ആശുപത്രി അധികൃതര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആശുപത്രിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മലപ്പുറം ഡി.എം.ഒ ഓഫീസ് അറിയിച്ചത്. നിലവില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഡി.എം.ഒ ഓഫീസ് അറിയിച്ചു.

Also Read:ശമ്പളം വാങ്ങുന്നത് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍; ജോലി ചെയ്യുന്നത് ലീഗ് ഓഫീസില്‍: യു.ഡി.എഫിലും നിയമന വിവാദം

അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്തെ ഡി.വൈ.എഫ്.ഐ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി ഉപരോധിച്ചു. പരാതി ഉയര്‍ന്ന ഡോക്ടറുടെ ഭാഗത്തുനിന്നും നേരത്തെയും ഇത്തരം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അന്‍വര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. “നേരത്തെ ഒരു സ്ത്രീ ഇതേപോലെ ഡോക്ടറെ സമീപിച്ചിരുന്നു. എല്ലിനെന്തോ അസുഖമായിട്ടാണ് ഡോക്ടറെ കണ്ടത്. ഡോക്ടറ് പരിശോധിച്ചു. ചെറിയ അകല്‍ച്ചമാത്രമാണ്. മരുന്നുകുടിച്ചാല്‍ ശരിയാകുമെന്ന് പറഞ്ഞ് ഒരു മരുന്ന് നല്‍കി വിട്ടു. രോഗത്തിന് ശമനമില്ലാതായതോടെ മറ്റൊരു സ്ത്രീ മറ്റൊരു ഡോക്ടറെ കണ്ടു. നേരത്തെ കഴിച്ചിരുന്ന മരുന്നിന്റെ വിശദാംശങ്ങളും ഈ ഡോക്ടര്‍ക്ക് കാണിച്ചിരുന്നു. ഡോക്ടറ് പറഞ്ഞത് ഇത് മാനസിക രോഗത്തിന് നല്‍കുന്ന ഗുളികയാണെന്നാണ്. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയായവേളയിലാണ് ഇതും പുറത്തുവന്നിരിക്കുന്നത്.” അദ്ദേഹം വിശദീകരിക്കുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more