ആദ്യം അധ്വാനത്തിന്റെ ഫലത്തില്‍ കൈ വച്ചു, ഭക്ഷണത്തില്‍ കൈ വച്ചു, ഇപ്പോള്‍ ആരോഗ്യത്തിലും...ആരുമറിയുന്നില്ലെന്ന് മാത്രം
Health
ആദ്യം അധ്വാനത്തിന്റെ ഫലത്തില്‍ കൈ വച്ചു, ഭക്ഷണത്തില്‍ കൈ വച്ചു, ഇപ്പോള്‍ ആരോഗ്യത്തിലും...ആരുമറിയുന്നില്ലെന്ന് മാത്രം
ഡോ: നെല്‍സണ്‍ ജോസഫ്
Wednesday, 3rd January 2018, 7:04 pm

രണ്ടാം തിയതി ആശുപത്രികളില്‍ ചെന്നപ്പോഴാണ് ഡോക്ടര്‍മാര്‍ സമരത്തിലാണെന്നറിഞ്ഞത്. എന്താണു സമരത്തിന്റെ കാരണമെന്ന് അറിയില്ല. രോഗികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരപരിപാടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ശമ്പളം വര്‍ധിപ്പിക്കാനോ മറ്റെന്തെങ്കിലും സ്വകാര്യമായ ആവശ്യങ്ങള്‍ക്കായോ വേണ്ടി നടത്തപ്പെട്ട സമരമല്ലായിരുന്നു ഇതെന്നും പൊതുജനം വളരെ മുന്‍പേ ഏറ്റെടുക്കേണ്ടിയിരുന്ന സമരമാണിതെന്നും പറയുവാനും അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാനുമാണ് ഈ കുറിപ്പ്.

സമരം എന്തിനായിരുന്നു?

എന്‍.എം.സി ബില്‍ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2017 നെതിരെയായിരുന്നു ഈ സമരം. ഇന്ത്യ മുഴുവനുമുള്ള ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം സമരത്തില്‍ പങ്കുചേരുകയുണ്ടായി. ഇത് ഒരു ദിവസം കൊണ്ട് പ്രഖ്യാപിച്ചതോ തീരുമാനിച്ചതോ ആയ സമരമല്ല എന്നാണ് പൊതുജനം മനസിലാക്കേണ്ടത്.

2016 ആദ്യം ഈ ബില്ലിന്റെ കരടുരൂപം വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനുമായി പരസ്യപ്പെടുത്തിയത് മുതല്‍ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നതാണ്. എന്നിട്ടും രണ്ടാം തിയതി ആശുപത്രിയില്‍ എത്തുന്നത് വരെ ഇതെക്കുറിച്ച് സാധാരണക്കാരോ മാധ്യമങ്ങളോ കാര്യമായി അറിഞ്ഞില്ല എന്നയിടത്താണ് ഈ സമരത്തിന്റെ പ്രസക്തി.

 

എന്താണ് എന്‍.എം.സി ബില്‍?

ബില്ലിന്റെ തുടക്കത്തില്‍ പറയുന്ന വാചകം തന്നെ ക്വോട്ട് ചെയ്യാം. ” to provide for a medical education system that ensures availability of adequate and high quality medical professionals; . അതായത് ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ പ്രഫഷണലുകളെ ആവശ്യത്തിന് ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ബില്‍. വളരെ നല്ല ഉദ്ദേശ്യമല്ലേ? പിന്നെ എന്തിനാണ് സമരം?

ഉദ്ദേശ്യം നല്ലതാണെങ്കിലും അത് നടപ്പാക്കാന്‍ ബില്ലില്‍ പറയുന്ന വ്യവസ്ഥകളും അതിന്റെ കാരണങ്ങളും അതിനുതകുന്നതല്ല എന്ന് മാത്രമല്ല ചിലതൊക്കെ നേര്‍ വിപരീതഫലമാണുണ്ടാക്കുന്നതും. ബില്ലിലെ ലക്ഷ്യങ്ങളും അതിലെ പ്രശ്‌നങ്ങളും ചുരുക്കത്തില്‍ ഇവിടെ പ്രതിപാദിക്കാം.

ഐഎംഎ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു

പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമായി മെഡിക്കല്‍ കമ്മീഷന്‍ ഏറ്റെടുത്തിരിക്കുന്നത് ആവശ്യത്തിന് ഉന്നത നിലവാരമുള്ള ഡോക്ടര്‍മാരെ സൃഷ്ടിക്കുക എന്നതാണ്. നിലവാരം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ നിലവാരത്തിനുള്ള ശ്രമത്തിനു വിഘാതം സൃഷ്ടിക്കാനിടയുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബില്ലില്‍ തന്നെയുണ്ട്.

a) ” നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ “.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ പിരിച്ചുവിട്ട് ” നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ” സ്ഥാപിക്കുക

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന് ഉപദേശം നല്‍കാന്‍ ഒരു ഉപദേശക സമിതിയെയും കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള മറ്റ് നാല് ബോര്‍ഡുകളെയും സൃഷ്ടിക്കാനും (അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, എത്തിക്‌സ്, മെഡിക്കല്‍ റഗുലേഷന്‍) ബില്ലില്‍ വ്യവസ്ഥ നല്‍കുന്നു.

ഇരുപത്തഞ്ച് അംഗങ്ങളില്‍ അഞ്ച് അംഗങ്ങള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.  മറ്റുള്ളവര്‍ നോമിനേറ്റഡ് അംഗങ്ങളാണ്.

b) ലൈസന്‍സിങ്ങ് എക്‌സാം / എക്‌സിറ്റ് എക്‌സാം

ഇന്ത്യ ഒട്ടാകെയുള്ള ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ ഒരു നാഷനല്‍ ലൈസന്‍സിങ്ങ് എക്‌സാം (എക്‌സിറ്റ് എക്‌സാമെന്ന് ഇനി പറയുന്നിടത്ത് ഈ ലൈസന്‍സിങ്ങ് എക്‌സാമിനെയാണുദ്ദേശിക്കുന്നത്) കൊണ്ടുവരുന്നതും ഈ ബില്ലിന്റെ നിര്‍ദ്ദേശങ്ങളിലൊന്നാണ്. ഈ ലൈസന്‍സിങ്ങ് എക്‌സാം തന്നെയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്മിഷനായുള്ള അടിസ്ഥാനമായി ബില്ലില്‍ പറഞ്ഞിരിക്കുന്നതും.

പക്ഷേ ബില്ലിലെ ക്ലോസ് 33ല്‍ കമ്മീഷന് ചില സന്ദര്‍ഭങ്ങളില്‍ ഈ ലൈസന്‍സിങ്ങ് പരീക്ഷയില്‍ ചില വിട്ടുവീഴ്ചകള്‍ അനുവദിക്കാമെന്നും പറയുന്നുണ്ട്. വിദേശത്തുനിന്ന് മെഡിക്കല്‍ ഡിഗ്രി എടുത്തവര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ താല്‍ക്കാലിക ഡിഗ്രി അനുവദിക്കാമെന്നും ഇതേ ക്ലോസില്‍ പരാമര്‍ശിക്കുന്നു.

 

c) ബ്രിഡ്ജ് കോഴ്‌സ്

ആയുഷ് – ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി – ബിരുദധാരികള്‍ക്ക് മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുന്ന ബ്രിഡ്ജ് കോഴ്‌സാണ് ബില്ലിന്റെ മറ്റൊരു ആകര്‍ഷണം. ആയുഷ് ബോര്‍ഡും മോഡേണ്‍ മെഡിസിന്‍ ബോര്‍ഡും വര്‍ഷത്തിലൊരിക്കല്‍ ഇതിനായി യോഗം ചേരണമെന്ന് ബില്‍ നിഷ്‌കര്‍ഷിക്കുന്നു.

ഉത്തരേന്ത്യയിലെപ്പോലെയുള്ള അവസ്ഥകളില്‍ ഉള്ള ഡോക്ടര്‍മാരുടെ കുറവാണ് ഇതിനു കാരണമായി പറഞ്ഞിരിക്കുന്നത്. ഇതിലെ പൊരുത്തക്കേടുകളിലേക്ക് പിന്നീട് വരാം.

d) സ്വകാര്യ മെഡിക്കല്‍ കോളജുകള്‍

സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തെക്കുറിച്ചും ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്. (frame guidelines for determination of fees in respect of such proportion of seats, not exceeding forty per cent., in the private medical institutions and deemed Universities which are governed by the provisions of this Act). 40% സീറ്റുകളിലെ ഫീസ് നിര്‍ണയത്തിലാണ് കമ്മീഷനധികാരം.

e) സുരക്ഷ – അധികാരം

നാഷണല്‍ രജിസ്റ്റര്‍ ഓഫ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ഒരു പബ്ലിക് ഡോക്യുമെന്റാക്കണമെന്ന നിര്‍ദേശമുണ്ട് ബില്ലില്‍. ഒപ്പം ഗവണ്‍മെന്റ് നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് (ഈ ആക്ട് പ്രകാരം) എതിരെ നിയമനടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നുള്ള ഒരു വ്യവസ്ഥയും.
ഒറ്റ വായനയില്‍ കണ്ടെത്താനാവുന്നവയാണിവ. ഇതിലെ പൊരുത്തക്കേടുകളിലേക്കും ഇരട്ടത്താപ്പുകളിലേക്കും നമുക്ക് ഒന്ന് കണ്ണോടിക്കാം.

Image result for parliament

2016ല്‍ ഈ ബില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവതരിച്ചത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നടത്തുവാന്‍ പോകുന്ന എക്‌സിറ്റ് എക്‌സാമെന്ന രീതിയിലായിരുന്നു. അങ്ങനെ അവതരിപ്പിച്ചത് ആരുടെ ബുദ്ധിയാണെന്നറിയില്ല. ബുദ്ധിയെന്ന് പറയാന്‍ കാരണമുണ്ട്. അങ്ങനെ അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രശ്‌നം മെഡിക്കല്‍ വിദ്യാര്‍ഥികളുടേത് മാത്രമാകും. പൊതുസമൂഹത്തിന് ഇടപെടേണ്ടിവരുന്നില്ല.

ആരോഗ്യവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനായി പൊതു എന്റ്രന്‍സ് സംവിധാനവും ലൈസന്‍സിങ്ങ് എക്‌സാമും കൊണ്ടുവരുന്നെന്ന് പറയുന്ന ബില്ലില്‍ തന്നെ ബ്രിഡ്ജ് കോഴ്‌സിനെക്കുറിച്ച് പറയുന്നത് വിരോധാഭാസമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.

A)  എക്‌സിറ്റ് എക്‌സാം

പൊതു എന്‍ട്രന്‍സ് സംവിധാനം നിലവിലുള്ളതാണ്. എന്നാല്‍ എക്‌സിറ്റ് എക്‌സാമിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. പൊതുവെ ഉള്ള ധാരണപ്രകാരം കാശ് കൊടുത്ത് ഡോക്ടറാകാം. പക്ഷേ അതില്‍ ചെറിയൊരു തിരുത്തുണ്ട്. കാശ് കൊടുത്ത് എം.ബി.ബി.എസിന് അഡ്മിഷന്‍ നേടാം. പക്ഷേ പാസാകാന്‍ അല്പം പ്രയാസപ്പെടും. മെഡിക്കല്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലുള്ള തിയറി പരീക്ഷയും പ്രാക്ടിക്കല്‍ എക്‌സാമുകളും പാസാകണമെന്ന് തന്നെ കാരണം.ഈ പരീക്ഷാ സംവിധാനങ്ങളില്‍ അഴിമതിക്കും ക്രമക്കേടുകള്‍ക്കുമുള്ള സാധ്യത മറ്റേത് പരീക്ഷകള്‍ക്കുമുള്ളതുപോലെതന്നെ മറഞ്ഞിരിപ്പുണ്ട്. പക്ഷേ അതിനുളള ഉത്തരം ആ പരീക്ഷകള്‍ ജയിച്ചുവരുന്നവരോട് മറ്റൊരു പരീക്ഷകൂടി എഴുതിക്കൊള്ളാന്‍ പറയലല്ല.

Image result for national medical commission

ആരോഗ്യ മന്ത്രി ജെ.പി നദ്ദ

 

ഇന്ത്യ ഒട്ടാകെ നടത്തുന്ന ലൈസന്‍സിങ്ങ് എക്‌സാം എന്ന് പറയുമ്പോള്‍ ഡോക്ടറുടെ രോഗനിര്‍ണയത്തിനും ചികില്‍സയ്ക്കുമുള്ള “സ്‌കില്‍” നിശ്ചയിക്കാന്‍ സഹായിക്കുന്ന ” തിയറി – പ്രാക്ടിക്കല്‍ ” രീതിയിലുള്ളതോ അല്ലെങ്കില്‍ ” ഒബ്ജക്ടീവ് സ്ട്രക്ചറല്‍ ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (OSCE) ” രീതിയിലുള്ളതോ ആയ പരീക്ഷകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. ഒപ്പം ഈ പരീക്ഷതന്നെയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്മിഷനു വേണ്ടി ഉപയോഗിക്കുക എന്നും പറയപ്പെടുന്നു. അപ്പോള്‍ സ്വഭാവികമായും ഒബ്ജക്ടീവ് ടൈപ്പ് – മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യനുകള്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയാകും.

ഫൈനല്‍ ഇയര്‍ എക്‌സാം – തിയറിയും പ്രാക്ടിക്കലും സ്റ്റാന്‍ഡാര്‍ഡൈസ് ചെയ്യുകയായിരുന്നു വേണ്ടത്. അല്ലെങ്കില്‍ സംഭവിക്കുന്നത് പ്രവൃത്തിപരിചയം നേടേണ്ട ഹൗസ് സര്‍ജന്‍സിയുടെ പ്രാധാന്യം നഷ്ടപ്പെടലാകും. തിയറിയും മള്‍ട്ടിപ്പിള്‍ ചോയ്‌സുമല്ല ഒരു ഡോക്ടറുടെ നിലവാരം അളക്കുന്നത്.

B) ബ്രിഡ്ജ് കോഴ്‌സ്

ആയുര്‍വേദ, സിദ്ധ , യുനാനി, ഹോമിയോ ബിരുദധാരികള്‍ക്ക് ചുരുങ്ങിയ കാലയളവിലെ കോഴ്‌സ് കൊണ്ട് മോഡേണ്‍ മെഡിസിന്‍ മരുന്നുകള്‍ കുറിക്കുവാന്‍ അനുവാദം നല്‍കുന്ന വ്യവസ്ഥയാണിത്. ഉത്തരേന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യമനുഭവപ്പെടുന്നുവെന്നതാണ് ഇതിനു പറയുന്ന ഒരു കാരണം. എം.ബി.ബി.എസ് – പി.ജി ബിരുദധാരികള്‍ക്ക് നിലവാരമില്ലെന്ന് പറഞ്ഞ് എക്‌സിറ്റ് എക്‌സാം നടപ്പാക്കാന്‍ പോകുന്ന ബില്‍ കൊണ്ടുവരുന്ന ഏറ്റവും വലിയ ദുരന്തമാണ് ബ്രിഡ്ജ് കോഴ്‌സ്.

ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്രത്തെ പിറകോട്ടടിക്കുമെന്ന് മാത്രമല്ല പൊതുജനാരോഗ്യത്തിനു സാരമായ ക്ഷതമേല്‍പ്പിക്കാനും പോകുന്ന ഈ തീരുമാനത്തെ എതിര്‍ത്തേ തീരൂ. അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

 ഉത്തരേന്ത്യയില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടാവാം. ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിച്ചിരിക്കുന്ന 1000 പേര്‍ക്ക് ഒരു ഡോക്ടറെന്ന അനുപാതത്തിലെത്താന്‍ ഡോക്ടര്‍മാര്‍ തന്നെ വേണം. അതിനുള്ള മറുപടി മറ്റുള്ളവര്‍ക്ക് കുറഞ്ഞ കാലയളവിലെ കോഴ്‌സ് വഴി ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാനുള്ള അനുമതി നല്‍കലല്ല. അനുപാതം ശരിയാക്കാന്‍ കുറുക്കുവഴികളില്ല. ഇത് പൊതുജനാരോഗ്യത്തിന്റെ പ്രശ്‌നമാണ്.

ആധുനിക വൈദ്യം വെറുതെ മരുന്നുകുറിക്കലാണെന്ന് കരുതരുത്. അങ്ങനെ കരുതുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള പരമാബദ്ധങ്ങളിലേക്ക് നീങ്ങുന്നത്. എന്തുകൊണ്ടാണ് വിവിധ വിഭാഗങ്ങള്‍ വെവ്വേറെ തന്നെ നിലനില്‍ക്കുന്നതെന്ന് ആലോചിച്ചാല്‍ തീരാനുള്ള പ്രശ്‌നമേയുള്ളൂ. അവയുടെയെല്ലാം അടിസ്ഥാന തത്വങ്ങള്‍ വേറെയായതുകൊണ്ടാണത്.

Image result for national medical commission

 

ആധുനിക വൈദ്യശാസ്ത്രം ” എവിഡന്‍സ് ബേസ്ഡ് മെഡിസിനാണ് “. അതായത് വ്യക്തമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നത്. അല്ലാതെ ” സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നു ” എന്നതോ ” വാത – പിത്ത – കഫ ത്രിദോഷ സിദ്ധാന്തമോ ” അല്ല അതിന്റെ അടിസ്ഥാനം. മരുന്ന് കുറിക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കിയാല്‍പ്പോലും ഈ അടിസ്ഥാനം വേറെയാണ്. ഇവരില്‍ ചിലര്‍ ബാക്ടീരിയയും വൈറസുമടങ്ങിയ സൂക്ഷ്മജീവികള്‍ രോഗമുണ്ടാക്കും എന്നുപോലും അംഗീകരിക്കാത്തവരാകുമ്പോള്‍ എങ്ങനെ ഒന്നിക്കുമെന്ന് വാദിക്കാന്‍ കഴിയും?

എണ്ണയും വെള്ളവും കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുകയാണിവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് സ്പഷ്ടം.

വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ” ആയുഷ് ” ഫലപ്രദമല്ല എന്ന സന്ദേശമാണ് ബില്ലിലെ ബ്രിഡ്ജ് കോഴ്‌സിന്റെ പരാമര്‍ശത്തിലൂടെ ലഭിക്കുന്നത്. അതായത് ഗ്രാമപ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് നിലനില്‍ക്കുന്നെങ്കില്‍ ബ്രിഡ്ജ് കോഴ്‌സിലൂടെ എന്തിന് ആധുനിക വൈദ്യശാസ്ത്രം പഠിപ്പിച്ച് പ്രാക്ടീസ് ചെയ്യിക്കണം? ആയുഷ് ഡോക്ടറായിത്തന്നെ ചികില്‍സിക്കാന്‍ പറ്റില്ലേ? അത് ഫലപ്രദമല്ലാത്തതുകൊണ്ടല്ലേ ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് പാലം വേണമെന്ന് പറയുന്നത്? അപ്പൊ ആയുഷിന് ഈ അടുത്ത് കിട്ടിയ അയ്യായിരം കോടി ഉള്‍പ്പടെയുള്ളത് പാഴ്ചിലവല്ലേ?

ഇനി എമര്‍ജന്‍സി സിറ്റുവേഷനുകളില്‍ ആധുനിക വൈദ്യമാണ് ഫലപ്രദമെന്ന് വാദിച്ചാല്‍ പോലും ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവ ഫലപ്രദമാണെന്നുള്ളതിനു ശാസ്ത്രീയമായി എന്തു തെളിവാണു നല്‍കാന്‍ കഴിയുന്നത്? ആയുഷിനെ പ്രൊമോട്ട് ചെയ്യല്‍ പ്രഖ്യാപിത നയമായി കരുതുന്ന ഒരു സര്‍ക്കാര്‍ അതിനായി സ്വീകരിക്കുന്ന വളഞ്ഞവഴിയായേ ഈ പാലത്തെ കാണാനാവൂ. ഇത് നിലവിലുള്ള മെഡിക്കല്‍ സംവിധാനത്തെ തകര്‍ക്കുക മാത്രമല്ല കുറഞ്ഞത് നാല്‍പ്പതുവര്‍ഷമെങ്കിലും പിന്നോട്ടടിക്കുകയാണു ചെയ്യുക.

മുന്‍പ് ഇത്തരമൊരു കോഴ്‌സ് നിലവിലുണ്ടായിരുന്നു, തികച്ചും അപ്രായോഗികമെന്ന് കണ്ടതിനെത്തുടര്‍ന്ന് അത് നിര്‍ത്തലാക്കുകയാണുണ്ടായത്. കൂടാതെ അടുത്തിടവരെ മറ്റ് സിസ്റ്റങ്ങളിലെ മരുന്നെഴുതുന്നത് ശിക്ഷാര്‍ഹവുമായിരുന്നു. അതൊന്നും കാരണമില്ലാതെയല്ല എന്ന് പൊതുജനം മനസിലാക്കേണ്ടതുണ്ട്.

ചുരുക്കത്തില്‍ ബ്രിഡ്‌ജെന്ന ആശയം കൊണ്ടുതന്നെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ആശങ്ക പൊള്ളയാണെന്ന് തെളിയുന്നു.

C) ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പിരിച്ചുവിടല്‍

മെഡിക്കല്‍ കൗണ്‍സിലില്‍ അഴിമതിയുണ്ട്. അവരുടെ നിയമങ്ങള്‍ കാലാനുസൃതമല്ല . പുരോഗതിക്ക് തടസം സൃഷ്ടിക്കുന്ന തീരുമാനങ്ങളാണവ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ പിരിച്ചുവിടാനും പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനുമുള്ള തീരുമാനമാണ് മറ്റൊരു പ്രധാന മാറ്റം. ആര്‍ക്കെങ്കിലും അഴിമതി തുടച്ചുനീക്കാനും പുരോഗതി സൃഷ്ടിക്കാനും വേണ്ടി നടത്തിയ നോട്ടുനിരോധനം ഓര്‍മവന്നാല്‍ ലേഖകന്‍ ഉത്തരവാദിയല്ല.

Image result for indian medical council

 

പുതിയ മെഡിക്കല്‍ കമ്മീഷന്റെ ഘടന തന്നെ സംശയമുളവാക്കുന്നതാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ജനാധിപത്യ സ്വഭാവത്തെത്തന്നെ അത് ഇല്ലാതാക്കുന്നു.

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസമടങ്ങുന്ന മേഖല നിയന്ത്രിക്കുന്നത് മെഡിക്കല്‍ കൗണ്‍സിലിനുപകരം പല ബോര്‍ഡുകളായിരിക്കും. അതില്‍ ഒന്നാമത്തേത് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രഫസര്‍ റാങ്കില്‍ താഴാത്ത മെഡിക്കല്‍ പ്രഫഷണലുകള്‍ അടങ്ങിയ MEDICAL ADVISORY COUNCIL ആണ്. പക്ഷേ ഈ കൗണ്‍സിലിന്റെ അധികാരം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

THE NATIONAL MEDICAL COMMISSION ചെയര്‍പേഴ്‌സണും സെക്രട്ടറിയുമടങ്ങുന്ന 10 മെമ്പര്‍മാരും 10 പാര്‍ട്ട് ടൈം മെമ്പര്‍മാരുമടങ്ങുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് അധികാരമുള്ള ഭരണ സമിതി. അണ്ടര്‍ഗ്രാജ്വേറ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗങ്ങളെ നിയന്ത്രിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നോട്ടിഫിക്കേഷന്‍ വഴി ഓട്ടണോമസ് സ്വഭാവമുള്ള മറ്റ് ബോര്‍ഡുകള്‍ ഈ കമ്മീഷന്റെ കീഴില്‍ രൂപീകരിക്കാനുള്ള അധികാരം കേന്ദ്രഗവണ്മെന്റിനുണ്ട്.

ഈ കമ്മീഷനിലെ മെമ്പര്‍മാരിലേക്ക് വരുമ്പൊ കാര്യങ്ങള്‍ കുറച്ചുകൂടി ക്ലിയറാകും. ഈ ബില്‍ വഴി രൂപീകരിക്കുന്ന നാലു ബോര്‍ഡുകളുടെ പ്രസിഡന്റുകള്‍ ഒഴിച്ചാല്‍ ബാക്കി സെന്റ്രല്‍ ഗവണ്മെന്റ് നോമിനികളാണ്. (Ministries of Health and Family Welfare, Department of Pharmaceuticals and Human Resources Development and one of the Director General of Health Services). പാര്‍ട്ട് ടൈം മെമ്പര്‍മാരില്‍ അഞ്ച് പേര്‍ എക്കണോമിക്‌സ് തൊട്ട് നിയമവും മാനേജ്‌മെന്റും വരെ നീളുന്ന വിവിധ വിഭാഗങ്ങളിലുള്ളവരും.

അണ്ടര്‍ഗ്രാജ്വേറ്റ് , പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡുകളും വേറെയുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജുകളുടെ നിലവാരം നിര്‍ണയിക്കുന്ന ബോര്‍ഡുകള്‍ അടങ്ങുന്ന മറ്റ് ബോര്‍ഡുകളും ഇരുപത്തഞ്ച് അംഗങ്ങളില്‍ അഞ്ച് പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. ബാക്കിയുള്ളവര്‍ നോമിനേറ്റഡ് അംഗങ്ങളാണ്. സ്വഭാവികമായും അവരുടെ കൂറ് എങ്ങോട്ടാണെന്ന് പറയാതെ തന്നെ അറിയാമല്ലോ.

Image result for nmc bill

 

മെഡിക്കല്‍ കൗണ്‍സിലില്‍ എല്ലാ സംസ്ഥാനത്തിനും പ്രാതിനിധ്യം ഉണ്ടെന്നിരിക്കേ, NMCയില്‍ വെറും അഞ്ച് സംസ്ഥാനങ്ങള്‍ക്കേ ശബ്ദമുള്ളൂ. ബാക്കി സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലക്ക് വേണ്ടി ആര് സംസാരിക്കും? ഈ ഇരുപത്തഞ്ച് പേരില്‍ തന്നെ ഭൂരിഭാഗവും ഡോക്ടര്‍മാരായിരിക്കില്ല. എന്തറിഞ്ഞാണ് അവര്‍ ഇന്ത്യയിലെ ആതുരശുശ്രൂഷാ മേഖലയെ നിയന്ത്രിക്കാന്‍ പോകുന്നത്?.ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡിന് അഡൈ്വസറി പവര്‍ മാത്രമാണുള്ളത്.

പല അശാസ്ത്രീയ തീരുമാനങ്ങളെയും തടഞ്ഞ് നിര്‍ത്തിയിരുന്നത് മെഡിക്കല്‍ കൗണ്‍സിലായിരുന്നു. ഉദാഹരണത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഇതുവരെ എതിര്‍ത്തുപോന്നിട്ടുള്ള എം.ബി.ബി.എസ് തത്തുല്യ കോഴ്‌സുകള്‍ തന്നെ എടുക്കാം. മറ്റ് പ്രൊഫഷനിലെ ആളുകള്‍ക്ക് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനെന്ന പേരില്‍ അത് നടപ്പാക്കാന്‍ ബുദ്ധിമുട്ട് കാണണമെന്നില്ല. മെഡിക്കല്‍ പ്രൊഫഷന്റെ നിലവാരം ഉയര്‍ത്തുന്നതിനു പകരം കുത്തനെ താഴ്ത്താനേ അത് ഉപകരിക്കൂ.

മെഡിക്കല്‍ കൗണ്‍സിലില്‍ അഴിമതിയുണ്ടെങ്കില്‍ അഴിമതിക്കാരെയാണു നീക്കേണ്ടത്. അല്ലാതെ കൗണ്‍സില്‍ പിഴുതു കളയുകയല്ല വേണ്ടത്.

D) വിദേശ മെഡിക്കല്‍ ഡിഗ്രികള്‍

വിദേശ മെഡിക്കല്‍ ഡിഗ്രികള്‍ ( ചൈനയില്‍ നിന്നും യുക്രെയിനില്‍ നിന്നും റഷ്യയില്‍ നിന്നും എം.ബി.ബി.എസ് , എം.ഡി ബിരുദങ്ങള്‍ നേടുന്നതടക്കം ) നേടിയ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഇന്ത്യയില്‍ നടത്തുന്ന പരീക്ഷ പാസാകാതെ ഇന്ത്യയില്‍ പ്രാക്ടീസ് നടത്താന്‍ അനുവാദമുണ്ടായിരുന്നില്ല. ബില്ലിന്റെ ക്ലോസ് 33ല്‍ പറയുന്ന താല്‍ക്കാലിക ലൈസന്‍സും പ്രത്യേക സാഹചര്യത്തില്‍ ലൈസന്‍സിങ്ങ് എക്‌സാമിന്റെ ആവശ്യമില്ലായ്മയും ഗുരുതര പ്രശ്‌നമാകുന്നത് ഇവിടെയാണ്.

Image result for doctors strike in india

വിദേശ രാജ്യങ്ങളിലേത് വേണ്ടത്ര നിലവാരമില്ലാത്ത ഡിഗ്രി ആണോ എന്നത് മാത്രമല്ല ഇതിലെ പ്രശ്‌നം. ഓരോരോ രാജ്യങ്ങളിലെയും രോഗനിര്‍ണയ രീതികള്‍ തൊട്ട് ഏറ്റക്കുറച്ചിലുകളുള്ള രോഗങ്ങള്‍ വരെ വ്യത്യാസമുണ്ടാകും. അതുകൊണ്ട് വിദേശത്ത് പഠിച്ചയാള്‍ക്ക് ഇന്ത്യയിലെ അവസ്ഥയില്‍ സേവനം ചെയ്യാനാകുമോ എന്ന് നിര്‍ണയിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ പരീക്ഷ എടുത്തുമാറ്റുക വഴി വീണ്ടും അഴിമതിക്കും നിലവാരത്തകര്‍ച്ചയ്ക്കും വഴിയൊരുങ്ങുന്നെന്ന് മാത്രമല്ല , ഇത് നമ്മുടെ രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളോട് ചെയ്യുന്ന വഞ്ചന കൂടിയാണ്.

E) സ്വകാര്യ കോളജുകള്‍

സ്വകാര്യ കോളജുകളിലെ 40% സീറ്റുകളിലെ ഫീസ് നിര്‍ണയത്തിനുള്ള അവകാശമേ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുള്ളൂ. ബാക്കി അറുപത് ശതമാനം സീറ്റുകളില്‍ സ്വകാര്യ കോളജുകള്‍ക്ക് ഇഷ്ടമുള്ള ഫീസ് ചോദിക്കാമെന്ന് വന്നാല്‍ ആര്‍ക്കാണു നഷ്ടമെന്ന് നമുക്കറിയാം. മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അന്യമാകുമെന്നറിയാന്‍ ഒരുപാട് കൂട്ടിക്കിഴിച്ച് നോക്കേണ്ടിവരില്ല.

മെഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍,  ഈ ബില്‍ വന്നു കഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകും. ഇന്‍സ്‌പെക്ട് ചെയ്യാന്‍ വരുന്ന സമിതിയില്‍ മൂന്ന് പേര്‍. യുജി, പിജി കോഴ്‌സുകളുടെ പൂര്‍ണാധികാരം കോളേജിന്. ആരോഗ്യ സര്‍വ്വകലാശാലകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷനില്‍ സ്ഥാനമില്ല. പ്രൈവറ്റ് മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ പോകുന്നു. അത്തരമൊരു തീരുമാനമുണ്ടാക്കുന്നത് അഴിമതിയാണോ അതോ ഇത് അഴിമതിയെ തുടച്ചുനീക്കുമോ എന്നറിയാനും സാധാരണ ബുദ്ധി മതി.

Image result for nmc bill

 

F) പ്രൈവസി

നാഷണല്‍ മെഡിക്കല്‍ രജിസ്റ്റര്‍ രൂപീകരിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതില്‍ പേരും ജനനത്തിയതിയും നമ്പരും അഡ്രസ്സും അടക്കമുള്ള വിവരങ്ങള്‍ ചേര്‍ക്കേണ്ടതിനെക്കുറിച്ചും അത് ഒരു പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. (Such Register shall be made available in the public domain. It shall be deemed to be a public document within the meaning of the Indian Evidence Act, 1872 or any amendment thereof) ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിലെ സെക്ഷന്‍ 74 ആണ് അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്.

ആവശ്യത്തില്‍ കവിഞ്ഞ ഇന്‍ഫര്‍മേഷന്‍ ( പേര് , അഡ്രസ്, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവ ) പൊതു ഇടത്തേക്ക് തുറന്നിടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പ്രത്യേകിച്ച് ആധാറടക്കമുള്ളവയെക്കുറിച്ച് സന്ദേഹങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലയളവില്‍ത്തന്നെ. ഡോക്ടറുടെ ജീവിതം ഒരു തുറന്ന പുസ്തകമല്ല. സ്വകാര്യത അവരുടെയും അവകാശമാണ്.

G) നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് (ഈ ആക്ട് പ്രകാരം) എതിരെ നിയമനടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഒരു ക്ലോസ് ഉണ്ട് (No suit, prosecution or other legal proceeding shall lie against the Government, the Commission or any Board thereunder or a State Medical Council or any Committee thereof, or any Officer or servant of the Government or Commission aforesaid for anything which is done or intended to be done in good faith under this Act).

കൂടാതെ പുതിയ നിയമങ്ങളുണ്ടാക്കാനും അംഗങ്ങളെ നിയമിക്കുന്ന രീതിയും പിരിച്ച് വിടുന്ന രീതിയും തീരുമാനിക്കാനുള്ള അധികാരവും ഗവണ്‍മെന്റിനു നല്‍കുന്ന ഒരു ക്ലോസും ഉണ്ട്. പരിധിയില്‍ കവിഞ്ഞ അധികാരം ഗവണ്‍മെന്റിനു നല്‍കുന്ന ഒരു ബില്ലുകളും അംഗീകരിക്കാനാവില്ല. മെഡിക്കല്‍ മേഖലയെയും സര്‍ക്കാരിന്റെ സമ്പൂര്‍ണാധികാരത്തിനു കീഴിലാക്കാനുള്ള ശ്രമമായിത്തന്നെ കാണേണ്ടിവരും.

കേരളം

കേരളത്തിന്റെ കാര്യം പറയുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ കൂട്ടിക്കുഴയ്ക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ചും. ഇന്ത്യയിലെ അനുപാതം ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതില്‍ കുറവാണെങ്കില്‍ കേരളത്തില്‍ ലോകാരോഗ്യ സംഘടനയുടെ ആവശ്യപ്രകാരം ഉള്ളതിന്റെ ഇരട്ടിയോളം ഡോക്ടര്‍മാരുണ്ട്.അത് അനുദിനം വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു.

Image result for മെഡിക്കൽ കമ്മീഷൻ ബില്ല്

 

ആരോഗ്യ സൂചികകളുടെ കാര്യത്തിലും ആശുപത്രികളുടെ നിലവാരത്തിന്റെ കാര്യത്തിലും നാം നമ്മളെ താരതമ്യം ചെയ്യേണ്ടത് ഉത്തരേന്ത്യയുമായല്ല. യൂറോപ്യന്‍ രാജ്യങ്ങളുമായാണ്. അതുകൊണ്ട് തന്നെ പാലം പണി നമുക്കാവശ്യമില്ലാത്തതും നമ്മളുണ്ടാക്കിയ പുരോഗതിയെ പിന്നോട്ട് വലിക്കുന്നതുമാണ്. മറ്റ് ഹിമാലയന്‍ മണ്ടത്തരങ്ങളെ എതിര്‍ക്കുന്നതില്‍ മുന്നില്‍ നിന്നതുപോലെ ഇതിലും എതിര്‍പ്പ് നമ്മള്‍ തന്നെ നയിക്കേണ്ടതുമാണ്.

ഉത്തരേന്ത്യന്‍ ഗ്രാമീണ മേഖലയും ഗുജറാത്തിലെ കുട്ടിഡോക്ടറും

ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നുവെന്നും അതുകൊണ്ടാണ് ആയുഷ് ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തില്‍ പരിശീലനം നല്‍കേണ്ടിവരുന്നതുമാണല്ലോ ബില്ലിലെ പ്രധാന വാദങ്ങളിലൊന്ന്. ആയുഷെന്താ അത്ര മോശമാണോ എന്ന ചോദ്യം തല്‍ക്കാലം വിഴുങ്ങാമെന്ന് കരുതുക.

എന്തുകൊണ്ടാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കാന്‍ വിസമ്മതിക്കുന്നതെന്ന് ചിന്തിക്കാനോ അന്വേഷിക്കാനോ അത് പരിഹരിക്കാനോ ശ്രമിക്കാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണു ശ്രമമെന്ന് വ്യക്തം. ഇടയ്ക്കിടയ്ക്ക് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ എന്തുകൊണ്ടാണവര്‍ അതിനു മടിക്കുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും.

അടുത്തിടെ പുറത്തുവന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. ഗ്രാമവാസികള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വിദഗ്ധചികില്‍സയ്ക്കായി ഡോക്ടറും യുവതിയുടെ ഭര്‍ത്താവും കൂടെ യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവം.

Image result for say noto nmc draconian bill

 

വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ മരുന്നുകളോ ചികില്‍സാ സംവിധാനങ്ങളോ ഉറപ്പ് വരുത്താതെ ഒരു ഡോക്ടറെ മാത്രം നിയമിച്ച് ചികില്‍സ നടത്തുവാന്‍ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ അതിനു തയ്യാറായി മുന്നോട്ട് വരുന്നവര്‍ ചുരുക്കമായിരിക്കാം. ആയിരിക്കാമെന്നല്ല, ആണ്. കേരളത്തിന്റെ അവസ്ഥതന്നെ നോക്കിയാല്‍ ഒരു കാലത്ത് പത്തോ ഇരുപതോ ശതമാനം മാത്രം ഡോക്ടര്‍മാര്‍ ജോയിന്‍ ചെയ്തുകൊണ്ടിരുന്ന സര്‍ക്കാര്‍ മേഖലയില്‍ ഇന്ന് അവസ്ഥ വ്യത്യാസപ്പെടാന്‍ – കൂടുതല്‍ പേര്‍ ജോയിന്‍ ചെയ്യാന്‍ കാരണം പണ്ടത്തേതില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളും ഡോക്ടര്‍മാരുടെ ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയതുകൊണ്ടാണ്.

പ്രശ്‌നത്തിന്റെ കാരണത്തെ നേരെയാക്കാന്‍ ശ്രമിക്കാതെ ഇതര വൈദ്യമേഖലകളിലുള്ളവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കി രണ്ടാം തരം ഡോക്ടര്‍മാരെ സൃഷ്ടിക്കുന്നത് പ്രശ്‌നത്തെ പരിഹരിക്കില്ലെന്ന് മാത്രമല്ല അത് ഇന്ത്യയിലെ ഗ്രാമീണരെ രണ്ടാം കിട പൗരന്മാരായി കാണുകയാണു ചെയ്യുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണവുമാണ്. ബ്രിഡ്ജ് കോഴ്‌സ് പഠിച്ച പാതി ആധുനിക വൈദ്യശാസ്ത്ര ഡോക്ടര്‍മാരെയല്ല അവര്‍ അര്‍ഹിക്കുന്നത്. അവര്‍ക്കും ആരോഗ്യത്തിനവകാശമുണ്ട്.

ഇതോടൊപ്പം നോക്കിക്കാണേണ്ട ഒരു വാര്‍ത്തയാണ് ഡോക്ടര്‍മാരുടെ കുറവ് മൂലം കുട്ടികളെ ചികില്‍സിക്കാന്‍ ഉള്ള കര്‍ത്തവ്യം കുട്ടികളെത്തന്നെ ഏല്‍പ്പിക്കുന്നെന്നത്. ഗുജറാത്തിലാണു സംഭവം. ” ബാല്‍ ഡോക്ടറെ ” നിയമിക്കുന്ന സര്‍ക്കാര്‍ എന്ത് സന്ദേശമാണു നല്‍കുന്നത്?  ഇതാണോ ഗുജറാത്ത് മോഡല്‍?  ഇതാണോ നമ്മളാഗ്രഹിക്കുന്ന, നമ്മളര്‍ഹിക്കുന്ന ആരോഗ്യമേഖല?

ഇനി മറ്റൊന്നുകൂടി… ആധുനിക വൈദ്യശാസ്ത്ര പരിശീലനം നേടുന്ന ആയുഷ് ഡോക്ടര്‍മാര്‍ ഗ്രാമങ്ങളില്‍ത്തന്നെ തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമോ? ഇനി അത്തരം ആളുകള്‍ മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍ തേടി നഗരങ്ങളിലേക്ക് ചേക്കേറിയാല്‍? അങ്ങനെ മെച്ചപ്പെട്ട തൊഴില്‍ സാധ്യത അന്വേഷിക്കരുതെന്ന് സര്‍ക്കാരിനു നിര്‍ദേശിക്കാനാകുമോ?

Members of IMA and West Bengal Medical Council protest against the NMC Bill in Kolkata on Tuesday. Photo: Indranil Bhoumik/Mint

ഉത്തരേന്ത്യയില്‍ ഡോക്ടര്‍മാര്‍ ഗ്രാമീണമേഖലയില്‍ ജോലിചെയ്യാന്‍ വിമുഖത കാട്ടുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണു ചെയ്യേണ്ടതെന്ന് പറയുന്നത് അതുകൊണ്ടാണ്. ഉത്തരേന്ത്യന്‍ സ്‌നേഹികള്‍ ശ്രദ്ധിക്കുമല്ലോ…

ഡാമിന്റെ കോണ്‍ക്രീറ്റ് ചെയ്യേണ്ട സ്ഥാനത്ത് പുറത്ത് പെയിന്റടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തമെന്താണെന്ന് വിശദീകരിക്കാതെതന്നെ അറിയാമെന്ന് കരുതട്ടെയോ?

“”ഡോക്ടര്‍മാരുടെ സമരം ശരിയല്ല””

അതെ സുഹൃത്തുക്കളേ, ഡോക്ടര്‍മാരുടെ സമരം ശരിയല്ലെന്നുതന്നെയാണ് എനിക്കും പറയാനുള്ളത്. ആരോഗ്യമേഖലയെ മൊത്തത്തില്‍ തകര്‍ക്കാന്‍ പോകുന്ന ഈ ബില്ലിനെ എതിര്‍ക്കേണ്ടത് ഡോക്ടര്‍മാരല്ല. നമ്മള്‍ ഓരോരുത്തരുമാണ്. പൊതുസമൂഹമാണ്. സമരം ചെയ്യേണ്ടതും പൊതുജനമാണ്.

Image result for fraud doctor

ചുരുക്കത്തില്‍

ഈ ബില്ല് മെഡിക്കല്‍ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന ഒരു നോട്ടുനിരോധനമാണ്. കുറുക്കുവഴികള്‍ അന്വേഷിക്കുന്നവര്‍ക്ക് വേണ്ടത്ര പഠനമോ തീരുമാനമോ ഉണ്ടാകാതെയോ നിക്ഷിപ്ത താല്പര്യപ്രകാരമോ മാത്രം കൊണ്ടുവരുന്നതെന്ന് കരുതേണ്ടുന്ന ഒന്ന്. ഗുണങ്ങളെക്കാള്‍ ദോഷമുണ്ടാക്കുന്ന, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമിടിക്കുന്ന ഒന്ന്

• ആരോഗ്യമേഖലയില്‍ നിലവാരത്തകര്‍ച്ചയുണ്ടാകും.
• മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമാകും.
• പാതി വെന്ത ഡിഗ്രികളുണ്ടാകും.
• അഴിമതി വളരും
• സംസ്ഥാനങ്ങളുടെ സ്വരം മെഡിക്കല്‍ കമ്മീഷനില്‍ കേള്‍ക്കാതാകും. അഞ്ച് സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് ചിന്തിക്കാവുന്നതേയുള്ളു.
•  കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യമാണ് എന്‍.എം.സി.
• മെഡിക്കല്‍ മേഖലയില്‍ അരാജകത്വം വര്‍ദ്ധിക്കും.

ഏറ്റവുമുപരിയായി സാധാരണക്കാരന്റെ അടിസ്ഥാനാവശ്യമായ ആരോഗ്യത്തിലും കുളം തോണ്ടും. അധ്വാനത്തിന്റെ ഫലത്തില്‍ കൈ വച്ചു. ഭക്ഷണത്തില്‍ കൈ വച്ചു. ഇവിടെ ഇതാ ആരോഗ്യത്തിലും കൈ വയ്ക്കുന്നു. ആരുമറിയുന്നില്ലെന്ന് മാത്രം.