മനോരമയും മാതൃഭൂമിയും നിരന്തരം നല്‍കുന്ന കൊവിഡ് വ്യാജവാര്‍ത്തകള്‍ക്കെതിരെ ഡോക്ടര്‍ മനോജ് വെള്ളനാട്; 'ഈ വാര്‍ത്തകള്‍ പങ്കുവെച്ച് സ്വയം കേശവ മാമന്മാരാകരുത്'
തിരുവനന്തപുരം: മുഖ്യധാരാ മാധ്യമങ്ങളായ മാതൃഭൂമി ഓണ്‍ലൈനും മലയാള മനോരമ ഓണ്‍ലൈനും നിരന്തരമായി നല്‍കുന്ന ആരോഗ്യ മേഖലയിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഡോക്ടര്‍ മനോജ് വെള്ളനാട്. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടതടക്കം നിരവധി വ്യാജ വാര്‍ത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ ഇതിനകം പുറത്ത് വന്നതെന്ന് മനോജ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മനോജിന്റെ പ്രതികരണം.
ഈ മാധ്യമങ്ങളുടെ സ്ഥിരം വേട്ടമൃഗം കൊവിഡ് വാക്‌സിനാണെന്നും മനോജ് പറയുന്നു. രണ്ട് ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത ഫൈസര്‍ വാക്‌സിനെടുത്തവരില്‍ നിന്നും കൊവിഡ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നു എന്നാണ്. ഇത് തെറ്റിധാരണാജനകമായ വാര്‍ത്തയാണെന്നും മനോജ് പറയുന്നു. ഫൈസര്‍, മെഡേണ വാക്‌സിനുകളായ എം.ആര്‍.എന്‍.എ വാക്‌സിനുകളില്‍ കൊവിഡ് വൈറസ് ഇല്ല. വൈറസിന്റെ ഒരു ഘടകം മാത്രമാണ് ഉള്ളത്. അതിന് രോഗം പടര്‍ത്താനുള്ള ശേഷിയുമില്ല. പിന്നെങ്ങനെ ഇവ രോഗം പടര്‍ത്തുമെന്നും മനോജ് ചോദിക്കുന്നു.
യു. എസില്‍ ഉടനീളം കൊവിഡ് വാക്‌സിനെടുത്തവര്‍ ബോധം കെട്ട് വീഴുന്നെന്ന് മലയാള മനോരമ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതായും മനോജ് പറയുന്നു. വാക്‌സിന്‍ സ്വീകരിച്ച ഒരു നഴ്‌സ് ബോധരഹിതയായി വീണതിനാണ് വാക്‌സിനെടുത്തവര്‍ ബോധം കെട്ടുവീഴുന്നെന്ന വാര്‍ത്തകൊടുത്തതെന്നും വേദന വന്നാല്‍ ബോധം കെട്ട് വീഴുന്ന പ്രശ്‌നം ഉള്ളയാളാണ് ഈ നഴ്‌സെന്ന് വാര്‍ത്തയ്ക്കകത്ത് തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമിയും മനോരമയും നല്‍കുന്ന ആരോഗ്യ വാര്‍ത്തകള്‍ വായിക്കുന്നവര്‍ ലാജോ ജോസിന്റെ ഒരു ക്രൈം ത്രില്ലറോ ടി. ഡി രാമകൃഷ്ണന്റെ നോവലോ വായിക്കുന്ന മുന്‍വിധിയോടെ മാത്രമേ വായിക്കാവൂ എന്നും മനോജ് പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് സ്വയം കേശവമാമന്മാരാവാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആരോഗ്യരംഗത്ത്, മുഖ്യധാരാ മാധ്യമങ്ങള്‍ വഴി ഏറ്റവുമധികം അശാസ്ത്രീയമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് മാതൃഭൂമിയുടെ കൈയിലാണെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മാതൃഭൂമിയുടെ ഹെല്‍ത്ത് എക്‌സപോയില്‍ ചൈനീസ് മുട്ട മുതല്‍ ആത്മാവ് നേരിട്ടു വന്ന് ചികിത്സിക്കുന്ന ടിബറ്റന്‍ വൈദ്യത്തെ വരെ പ്രോത്സാഹിപ്പിച്ച മാതൃഭൂമിയെ പറ്റി ഉദാഹരണസഹിതം അന്നവിടെ പറഞ്ഞത് സംഘാടകര്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ പരിപാടി അവര്‍ സംപ്രേഷണം ചെയ്തില്ലെന്നും മനോജ് പറയുന്നു.
ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന കൂട്ടത്തില്‍ മാതൃഭൂമിക്കും മനോരമയ്ക്കും പുറമേ കേരള കൗമുദി, ചന്ദ്രിക തുടങ്ങി മറ്റു മുഖ്യധാരാ മാധ്യമങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക