സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; വൈദ്യശാസ്ത്ര സമൂഹം ശക്തമായി പ്രതിഷേധിക്കുമെന്ന് ഐ.എം.എ
Daily News
സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു; വൈദ്യശാസ്ത്ര സമൂഹം ശക്തമായി പ്രതിഷേധിക്കുമെന്ന് ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 11:20 am

തിരുവനന്തപുരം: ചെറു പ്രായത്തിലുള്ള ഒരു സഹപ്രവര്‍ത്തക ഡ്യൂട്ടിക്കിടയില്‍ അഞ്ചോ ആറോ കുത്തുകളേറ്റ് മരിക്കുകയെന്നത് ഏറെ ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹ്. ‘വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധമുണ്ടാകും.

വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമര്‍ഷവും വേദനയുമുണ്ട്. കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. കേരളത്തിലെ പൊതുസമൂഹത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടാകണം.

ഇത് ഇങ്ങനെ തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നത് അംഗീകരിക്കാനാവില്ല.

വര്‍ഷങ്ങളായി ഇക്കാര്യങ്ങളില്‍ പ്രതിഷേധം അറിയിക്കുകയാണ്. ഇത് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിനും അപ്പുറത്താണ്. ശക്തമായ അമര്‍ഷവും കോപവും തോന്നുന്നുണ്ട്.

കൊല്ലത്തെ അസീസിയ മെഡിക്കല്‍ കോളേജിലെ 23 കാരിയായ ഹൗസ് സര്‍ജന്‍സി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. ട്രെയിനിങ്ങിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തു വരുമ്പോഴാണ് പ്രതി മുറിവു തുന്നിക്കെട്ടുന്നതിനിടെ ഡോക്ടറെ മാരകമായി അഞ്ചോ എട്ടോ തവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

കേരളത്തില്‍ വയലന്‍സിന് ഒരു ന്യായീകരണവുമില്ല. ഇക്കൂട്ടര്‍ക്കെതിരെ പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. അതിരാവിലെ എട്ടരയോടെയാണ് അക്രമണം ഉണ്ടായത്. വനിതാ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ ഒന്നര മണിക്കൂറോളം ഡോക്ടര്‍മാരുടെ സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കേരളത്തിലുടനീളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും. കൊല്ലം ജില്ലയില്‍ ഇതിനോടകം തന്നെ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്,’ ഡോ. സുല്‍ഫി നൂഹ് പറഞ്ഞു.

അതേസമയം, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും.

CONTENT HIGHLIGHTS: junior doctor killed in kollam, Doctors are on strike across Kerala