തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍. ജീവ് ജസ്റ്റസ് ആണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.
അടൂര്‍ സ്വദേശിയായ ശോഭന കുമാരിയുടെ മകന്‍ രാജ് കുമാറിന് കാല്‍മുട്ടിലെ അടിയന്തിര ശസ്ത്രക്രിയ നടത്തിയതിന് 4000 രൂപ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഈ തുക വൈകിട്ട് 4.30 മണിക്ക് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അടൂര്‍ ജനതാ ആശുപത്രിക്ക് സമീപമുള്ള കണ്‍സള്‍ട്ടേഷന്‍ റൂമില്‍ വച്ച് കൈമാറുന്നതിനിടയിലാണ് പത്തനംതിട്ട വിജിലന്‍സ് പിടികൂടിയത്.
ഈ മാസം 26 ന് രാജ് കുമാറിന് വാഹന അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍ ജീവ് ജസ്റ്റസിന്റെ നേതൃത്വത്തില്‍ കാല്‍ മുട്ടില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ശസ്ത്രക്രിയ നടത്തിയതിന് 4000 രൂപ അമ്മയായ ശോഭന കുമാരിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്ന് തന്നെ പ്രതിയുടെ കണ്‍സള്‍ട്ടേഷന്‍ റൂമില്‍ 2000 രൂപയുമായി ശോഭന കുമാരി എത്തിയെങ്കിലും തുക കുറഞ്ഞതിനാല്‍ വാങ്ങാന്‍ കൂട്ടാക്കാതെ 4000 രൂപയുമായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കൈക്കൂലി ലഭിക്കാത്തതിനാല്‍ രാജ്കുമാറിന് ന്യായമായ ചികിത്സ ഡോക്ടര്‍ നിഷേധിക്കുകയും ചെയ്തു. ഇതിനിടെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വിസമ്മതിക്കുകയും ദിവസേനയുള്ള റൗണ്ട്‌സിനിടയില്‍ കൈക്കൂലി നല്‍കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് സ്ഥിരമായി.
ഇതേത്തുടര്‍ന്നാണ് ശോഭന കുമാരി പത്തനംതിട്ട വിജിലന്‍സിനെ വിവരം അറിയിച്ചത്. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവെ.എസ്.പി പി.ഡി.ശശിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.