| Saturday, 5th December 2020, 10:53 pm

കാര്‍ഷിക പ്രതിഷേധത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യ സേവനവുമായി ഡോക്ടര്‍ സഹോദരന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോനിപാത്: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി ചികിത്സ സേവനം നല്‍കി സഹോദരന്മാരായ ഡോക്ടര്‍മാര്‍. ഹരിയാനയിലെ സിര്‍സ ജില്ലയിലെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഡോക്ടര്‍മാരാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യസഹായം നല്‍കുന്നത്.

സഹോദരന്മാരായ ഡോക്ടര്‍ സുഖ്‌വിന്ദര്‍ സിംഗ് ബ്രാറും രമണ്‍ജിത് സിംഗ് ബ്രാറുമാണ് മെഡിക്കല്‍ ക്യാംപ് തയ്യാറാക്കിയിരിക്കുന്നത്. സിംഗു അതിര്‍ത്തിയില്‍ തയ്യാറാക്കിയ ക്യാംപ് പ്രവര്‍ത്തിക്കുന്നത് മറ്റു സുഹൃത്തുക്കളായ ഡോക്ടര്‍മാരെകൂടി സഹായത്തോടുകൂടിയാണ്.

രണ്ട് ഡോക്ടര്‍മാരും ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ദിവസവും 1500ലേറെ ആളുകളെ പരിശോധിക്കുന്നെണ്ടെന്നാണ് ഡോക്ടറായ സുഖ്‌വീന്ദര്‍ സിംഗ് പറഞ്ഞത്.

‘എല്ലാ ദിവസവും 1500ലേറെ പേര്‍ക്ക് വൈദ്യപരിശോധന നടത്തുന്നുണ്ട്. പലരും പല പ്രശ്‌നങ്ങളുമായാണ് നമ്മളെ സമീപിക്കുന്നത്,’ സുഖ്‌വീന്ദര്‍ സിംഗ് പറഞ്ഞു.

ആളുകളില്‍ പലര്‍ക്കും ഹൈപ്പര്‍ടെന്‍ഷന്‍ സന്ധിവേദന, ഡയറിയ, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളുണ്ട്. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ 10-15 വരെയുള്ള ആളുകള്‍ ക്യാംപിലുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

തങ്ങള്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് ആളുകളെ സേവിക്കാന്‍ പ്രചോദനമായതെന്നും സുഖ്‌വിന്ദര്‍ സിംഗ് പറഞ്ഞു.

ബര്‍ണാലയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള കൂടുതല്‍ ഡോക്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ചില മത-സാമൂഹിക സംഘടനകള്‍, ചില പ്രദേശ വാസികളൊക്കെ സഹായവുമായി തങ്ങള്‍ക്കൊപ്പമുണ്ട്. സഹോദരന്‍ താമസിക്കുന്നത് ക്യാംപിനടുത്ത് തന്നെയായതിനാല്‍ രാവിലെ നേരത്തെ തന്നെ പരിശോധന ആരംഭിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Doctor brothers from Haryana set up free medical camp at Singhu border

Latest Stories

We use cookies to give you the best possible experience. Learn more