| Monday, 25th July 2022, 12:42 pm

ആദിവാസി രോഗിയില്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങി; ഡോക്ടര്‍ക്കെതിരെ പരാതിയുമായി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആദിവാസി വിഭാഗത്തിലെ രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി പരാതി. അനസ്തേഷ്യ ഡോക്ടര്‍ ചാര്‍ലിക്കെതിരെയാണ് അടിച്ചിപ്പുഴ സെറ്റില്‍മെന്റ് കോളനിയിലെ അനിത അഭിലാഷ് പരാതി നല്‍കിയത്.

അതേസമയം, ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി എം.എല്‍.എ പ്രമോദ് രാമന്‍ ആരോഗ്യ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് അടിച്ചിപ്പുഴ കോളനിയിലെ അനിതയെ ഹെര്‍ണിയ ശസ്ത്രക്രിയക്കായി റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ാം തീയതിയാണ് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇതുപ്രകാരം അനിത അനസ്തേഷ്യ ഡോക്ടര്‍ ചാര്‍ലിയെ കണ്ടു.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ പണം വേണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടെന്നാണ് അനിത പറയുന്നത്. അനിത കൈയ്യില്‍ ഉണ്ടായിരുന്ന 400 രൂപ നല്‍കി. എന്നാല്‍ തുക കുറവാണെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കി അയച്ചു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ഡോക്ടര്‍ 2,000 രൂപ ചോദിച്ചെന്നാണ് അനിതയുടെ ഭര്‍ത്താവ് അഭിലാഷ് പറയുന്നത്.

എന്നാല്‍, സ്ഥിരമായി ഈ ഡോക്ടര്‍ രോഗികളോട് പണം വാങ്ങുമെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോപണം. പക്ഷേ ചികിത്സ മുടങ്ങുമെന്ന പേടിയില്‍ ആരും പരാതിപെടാന്‍ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെ കൈക്കൂലി പരാതിയില്‍ ആഭ്യന്തര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റാന്നി എം.എല്‍.എ പ്രമോദ് രാമന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കത്തയച്ചത്.

Content Highlight: Doctor bribe of 2000 rupees taken from a tribal patient, MLA filed a complaint against the doctor

We use cookies to give you the best possible experience. Learn more