| Sunday, 26th May 2019, 9:50 am

ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോട് മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടു; ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടു മുഖാവരണം മാറ്റാന്‍ പറഞ്ഞ ഡോക്ടറെ നടപടിയില്‍ നിന്നു രക്ഷിക്കാന്‍ അറുപതിനായിരത്തോളം പേര്‍ നിവേദനം ഒപ്പിട്ടു. മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രിയധികൃതര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ അന്വേഷണവിധേയമായി ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

ബ്രിട്ടനിലെ റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണു സംഭവം നടന്നത്. കുട്ടിയുടെ അസുഖത്തിനു ചികിത്സയ്‌ക്കെത്തിയ മുസ്‌ലിം സ്ത്രീയോടാണ് ഡോ. കെയ്ത്ത് വോള്‍വേഴ്‌സണ്‍ നിഖാബ് മാറ്റാന്‍ ആവശ്യപ്പെട്ടത്. അവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഡോക്ടര്‍ ഇതിനു കാരണമായി പറഞ്ഞത്. ഡോക്ടറുടെ പെരുമാറ്റത്തില്‍ സ്ത്രീ അസ്വസ്ഥയായതായി പരാതിയില്‍ ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 23 വര്‍ഷമായി ആശുപത്രിയില്‍ ഫ്രീലാന്‍സായി ജനറല്‍ പ്രാക്ടീസ് ചെയ്യുകയാണ് ഡോക്ടര്‍. ഇപ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ തനിക്കു മനസ്സിലായതായി ഡോക്ടര്‍ പ്രതികരിച്ചെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.തന്റെ പ്രൊഫഷന്‍ തുടരാന്‍ താന്‍ അവസാനം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ആശയവിനിമയത്തിനു വേണ്ടിയാണു ഞാന്‍ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതുപോലെതന്നെയാണു ഞാനൊരു മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നയാളോട് അയാളുടെ ഹെല്‍മറ്റ് ഊരാന്‍ ആവശ്യപ്പെടുന്നതും. രാജ്യം ഇത്തരത്തില്‍ എത്തപ്പെട്ടതില്‍ ഞാന്‍ വളരെ ദുഃഖിതനാണ്.- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഡോക്ടര്‍ക്കെതിരായ പരാതി അന്വേഷിക്കുന്നത് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലാണ് (ജി.എം.സി). വംശീയ വിവേചനത്തിന്റെ പരിധിയില്‍പ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഡെര്‍ബി സ്വദേശിയായ 52-കാരനാണ് ഡോക്ടര്‍.

change.org എന്ന വെബ്‌സൈറ്റ് വഴി 60,990 ആളുകളാണ് നിവേദനം ഒപ്പിട്ടിരിക്കുന്നത്. ‘ഡോ. വോള്‍വേഴ്‌സണു ശിക്ഷ ലഭിക്കുന്നതു തടയുക’ എന്ന തലക്കെട്ടാണു നിവേദനം. ഈ വ്യക്തിയുടെ യശസ്സ് കാത്തുസൂക്ഷിക്കാനാണ് ഈ നിവേദനത്തില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് നിവേദനം ആരംഭിച്ച വ്യക്തി പ്രതികരിച്ചു. അസുഖവുമായി വന്ന കുട്ടിയുടെ നന്മയ്ക്കു വേണ്ടിയാണ് ഡോക്ടര്‍ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്. അല്ലാതെ അതില്‍ വംശീയമോ മതപരമോ ആയ ഒരു നടപടികളുമില്ല. എല്ലാ തെളിവുകളും പരിശോധിച്ചുകൊണ്ടാവണം ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തിന്റെ കാര്യം പരിഗണിക്കേണ്ടത്. ഇപ്പോള്‍ ആ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട്. അതുകൊണ്ടുതന്നെ കൃത്രിമമായി കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ ഡോക്ടര്‍മാരെ നഷ്ടപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരെയും രോഗികളെയും സംരക്ഷിക്കുന്ന മാനദണ്ഡങ്ങള്‍ വെച്ചാവണം കൗണ്‍സില്‍ ഇക്കാര്യം പരിഹരിക്കേണ്ടതെന്ന് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചികിത്സയുടെ ആവശ്യത്തിനായി വേണമെങ്കില്‍ നിഖാബോ ബുര്‍ഖയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നതിനു സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അസോസിയേഷന്‍ വക്താവ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more