| Monday, 16th April 2018, 5:18 pm

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്; കെ.ജി.എം.ഒ.എ ആരോഗ്യ മന്ത്രിയുടെ പി.എയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിക്കാന്‍ സാധ്യത തെളിയുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സന്നദ്ധരാവാന്‍ ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനു സാധ്യത തെളിഞ്ഞത്.

സമരം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയുടെ ഓഫീസുമായും ആരോഗ്യ മന്ത്രിയുടെ പി.എയുമായും ബന്ധപ്പെട്ടു. സമരം അവസാനിപ്പാക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറാകില്ലെന്ന മന്ത്രി സഭാതീരുമാനം ഉള്ളതിനാലാണ് സംഘത്തെ മന്ത്രി കാണാതിരുന്നത്. സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

നാലാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് വരെ ഒ.പി വിഭാഗം പ്രവര്‍ത്തിപ്പിക്കാമെന്ന് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം വച്ചു. എന്നാല്‍ ഈ ഉറപ്പ് രേഖാമൂലം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഈ നിലപാട് ഡോക്ടര്‍മാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ദ്രം പദ്ധതിയുമായും സഹകരിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലായിരുന്നു ഡോക്ടമാര്‍ ഒ.പി ബഹിഷ്‌കരണം ആരംഭിച്ചത്. ഇതിനകം ആയിരക്കണക്കിന് രോഗികള്‍ ആസ്പത്രികളിലെത്തി ചികിത്സ ലഭിക്കാതെ മടങ്ങിയിരുന്നു. നിലവില്‍ അത്യാഹിതവിഭാഗങ്ങളില്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ തുടങ്ങിയവരാണ് രോഗികളെ പരിശോധിക്കുന്നത്.

We use cookies to give you the best possible experience. Learn more