തിരുവനന്തപുരം: ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കെ.ജി.എം.ഒ.എ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍, രാത്രിയില്‍ പ്രഖ്യാപിച്ച് പിറ്റേന്ന് മുതല്‍ പണിമുടക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം രീതികള്‍ സര്‍ക്കാര്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈകുന്നേരത്തെ ഒ.പിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായെന്ന് മന്ത്രി വിശദീകരിച്ചു. ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാരും ഉറപ്പ് നല്‍കി. ഡോക്ടര്‍മാര്‍ ലീവെടുക്കുന്ന ദിവസം പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ സമിതികളെ നിയോഗിക്കും.
Also Read: മോദിയേയോ ചൗഹനേയോ അനാദരിക്കുന്നവരെ കൈകാര്യം ചെയ്യും: ഭീഷണിയുമായി ബി.ജെ.പി എം.പി
ജോലിക്ക് ഹാജരാകാത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഡോക്ടര്‍ ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയാല്‍ തിരികെയെടുക്കും. എന്നാല്‍ ഇത് തികച്ചും നിയമപരമായ രീതിയിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍കൂട്ടി അറിയിക്കാതെ സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നേരത്തെ സമരം നാലാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സന്നദ്ധരാവാന്‍ ഡോക്ടര്‍മാരോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചിരുന്നു ഇതിനു പിന്നാലെയാണ് പ്രശ്‌ന പരിഹാരത്തിനു വഴി തെളിഞ്ഞിരുന്നത്.
വെള്ളിയാഴ്ച മുതലായിരുന്നു ഡോക്ടമാര്‍ ഒ.പി ബഹിഷ്‌കരണം ആരംഭിച്ചത്. ഇതിനകം ആയിരക്കണക്കിന് രോഗികള്‍ ആസ്പത്രികളിലെത്തി ചികിത്സ ലഭിക്കാതെ മടങ്ങിയിരുന്നു. നിലവില്‍ അത്യാഹിതവിഭാഗങ്ങളില്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ തുടങ്ങിയവരാണ് രോഗികളെ പരിശോധിക്കുന്നത്.