പുനെ: ആണ്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കാനുള്ള ആയുര്‍വേദ കൂട്ടുമായി ബി.എ.എം.എസ് സിലബസ്. രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ട് മണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാമെന്നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം പറയുന്നത്.
അതിനു കഴിയാത്തവര്‍ക്ക് വേറെ വിദ്യയും പാഠപുസ്തകം പറഞ്ഞ് തരുന്നുണ്ട്. വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാലും ആണ്‍കുട്ടിയെ ലഭിക്കുമെന്നാണ് മഹാരാഷ്ട്രയിലെ ബി.എ.എം.എസ് പാഠപുസ്തകത്തിന്റെ കണ്ടെത്തല്‍.
വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തിലാണ് ആണ്‍കുട്ടികളുണ്ടാകാനുള്ള പ്രത്യേക വിദ്യകള്‍ നല്‍കിയിട്ടുള്ളത്. പാഠഭാഗം ഇതിനോടകം തന്നെ വിവാദത്തിലകപ്പെട്ടിട്ടും സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ കണ്ടെത്തലാണ് പാഠപുസ്‌കത്തിലേതെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
രണ്ടാം നൂറ്റാണ്ടിലെ ആയുര്‍വേദ ചരകസംഹിതയിലെ ഭാഗങ്ങളാണ് ഇതെന്നാണ് പാഠപുസ്തകം പറയുന്നത്. ആണ്‍ ഭ്രൂണം സൃഷ്ടിക്കുന്ന രീതിയെ പുംസ്വന്‍ എന്നാണ് പറയുന്നതെന്നും ആണ്‍കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ പുംസ്വന്‍ അനുഷ്ഠാനം പിന്തുടരണമെന്നും പുസ്തകത്തില്‍ പറയുന്നു.
മഹാരാഷ്ട്ര ആരോഗ്യ സര്‍വ്വകലാശാലയുടെ മേല്‍നോട്ടത്തിലാണ് ബി.എ.എം.എസ് സിലബസ്സ് തയ്യാറാക്കുന്നത്. എന്നാല്‍ ബി. എ.എം. എസ് സിലബസ്സ് കേന്ദ്ര ആയുഷ് മന്ത്രാലയമാണ് തീരുമാനിക്കുന്നതെന്നും അതു കൊണ്ട് വിഷയം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ മൈശേഖര്‍ പറയുന്നത്.
കേന്ദ്ര ആയുര്‍വേദ കൗണ്‍സിലില്‍ മഹാരാഷ്ട്രയില്‍ നിന്ന് 7 അംഗങ്ങളുണ്ടെന്നും അവര്‍ക്കാണ് വിഷയത്തില്‍ ഇടപെടാന്‍ കഴിയുകയെന്നും അദ്ദേഹം പറയുന്നു. ആണ്‍കുഞ്ഞുണ്ടാവുന്നതിനായ് ഇതുപോലുള്ള നിരവധി വിദ്യകള്‍ പുസ്തകം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി പകര്‍ന്നു നല്‍കുന്നുണ്ട്.
സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്ത ആണ്‍ പ്രതിമ ഉരുക്കി പാലിലോ തൈരിലോ വെള്ളത്തിലോ ഒഴിച്ച് പുഷ്പ നക്ഷത്ര നാഴികയില്‍ കഴിച്ചാലും ആണ്‍കുഞ്ഞുണ്ടാവുമെന്നും പുസ്തകം പറയുന്നു.
ഗര്‍ഭസ്ഥ ശിശു നിര്‍ണ്ണയ രീതി നിരോധിച്ചു കൊണ്ഠുള്ള പി.സി.പി.എന്‍.ഡി.ടി ആക്ട് ജില്ലാ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗം ഗണേഷ് ബോര്‍ഹാഡെയാണ് വിഷയം പുറത്ത് കൊണ്ടുവരുന്നത്. മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരത്തില്‍ പല ആയുര്‍വേദ ഡോക്ടര്‍മാരും ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.