കോഴിക്കോട്: പിണറായി വിജയനോ, സി.പി.ഐ.എമ്മോ അറിയാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ ബി.ജെ.പിക്കാരന് വില്‍ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ല കമ്മറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ്‌കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച ഷാജി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.ഐ.എം ശ്രമം തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
മെയ് ഒന്നിനാണ് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ല കമ്മറ്റി മുന്‍ എം.എല്‍.എ കൂടിയായ കെ.എം. ഷാജിക്ക് സ്വീകരണം നല്‍കിയത്. യോഗത്തില്‍ നിയമസഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് 2016ലെ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാറിനെതിരെയും അദ്ദേഹത്തിന്റെ മാധ്യമസ്ഥാപനത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടാനിടയാക്കിയ നോട്ടീസ് അന്നത്തെ എതിര്‍സ്ഥാനാര്‍ത്ഥിയായ റിപ്പോര്‍ട്ടര്‍ ടി.വിക്കാരന്റെ സൃഷ്ടിയായിരുന്നു എന്നും കെ.എം.ഷാജി പറഞ്ഞു
വികസന പ്രവര്‍ത്തനങ്ങളുമായി അഴീക്കോട് യു.ഡി.എഫ് മുന്നോട്ട് പോകുമ്പോഴാണ് പരിഭ്രാന്തരായ എല്‍.ഡി.എഫ് തനിക്കെതിരെ പ്രവര്‍ത്തനം തുടങ്ങിയതെന്നും കെ.എം. ഷാജി കണ്ണൂരില്‍ പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, കേരളത്തിലെ ഏറ്റവും മോശം മീഡിയ മാനിപ്പുലേറ്ററായ എതിര്‍സ്ഥാനാര്‍ത്ഥി കള്ളക്കഥകള്‍ മെനഞ്ഞ് ഏറ്റവും വൃത്തികെട്ടൊരു നോട്ടീസ് ഇറക്കിയത്.
എന്നെ കേള്‍ക്കുന്ന അവസാനത്തെ അഴീക്കോട്ടുകാരനും അറിയാം മുസ്‌ലിം ലീഗോ, യു.ഡി.എഫോ, ഞാനോ അത്തരം ഒരു നോട്ടീസ് ഇറക്കില്ലെന്ന്, ഇറക്കിയിട്ടുമില്ല, എന്നിട്ടും ആ നോട്ടീസിന്റെ പേരില്‍ കള്ളക്കഥകളുണ്ടാക്കി എന്നെ നിങ്ങള്‍ അയോഗ്യനാക്കി. മൂന്ന് കൊല്ലം ശമ്പളമോ ബത്തയോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആ മൂന്ന് വര്‍ഷവും, നിങ്ങള്‍ ശമ്പളം തരാതിരുന്നിട്ടും ഒരു ദിവസം പോലും അവധിയില്ലാതെ ഞാന്‍ നിയമസഭയില്‍ കണ്ണും കാതും തുറന്ന് ഇരിക്കുന്നുണ്ടായിരുന്നു.” കെ.എം. ഷാജി പറഞ്ഞു
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നികേഷ് കുമാറിനെ മത്സരിപ്പിക്കാനാണ് സി.പി.ഐ.എമ്മിന്റെ ഒരുക്കമെന്നും കെ.എം. ഷാജി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്കാരന്‍ ഇപ്പോള്‍ എവിടെയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ നിങ്ങള്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന റിപ്പോര്‍ട്ടര്‍ ടി.വിക്കാരന്‍. എന്നാല്‍ കേട്ടോ, റിപ്പോര്‍ട്ടര്‍ ടി.വി. വിറ്റു.
കൈരളിയും, ദേശാഭിമാനിയും കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ ഒരു ചാനലാണ് റിപ്പോര്‍ട്ടര്‍. ആ റിപ്പോര്‍ട്ടര്‍ ടി.വി കര്‍ണാടകയിലെ ഒരു ബി.ജെ.പിക്കാരന്‍ കോടികള്‍ നല്‍കി വാങ്ങിയിട്ടുണ്ട്. പിണറായി വിജയനോ, സി.പി.ഐ.എമ്മോ അറിയാതെ റിപ്പോര്‍ട്ടര്‍ ചാനല്‍ വില്‍ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, അടുത്ത തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ബി.ജെ.പിയുടെ കൂടി വോട്ട് വാങ്ങി ജയിക്കാനാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ബി.ജെ.പിക്ക് വിറ്റത്’ കെ.എം.ഷാജി കണ്ണൂരില്‍ പറഞ്ഞു.
content highlights: Do you think the reporter will sell the channel to BJP without knowing CPI(M) or Pinarayi Vijayan? K.M. Shaji