ന്യൂദല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് എല്‍.പി.ജി സിലിണ്ടറിനുള്ള സബ്സിഡി നിര്‍ത്തലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ആരംഭ ഘട്ടത്തിലാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ചില ജില്ലകളിലെ ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്നും കാറുടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ രണ്ടും മൂന്നും കാര്‍ സ്വന്തമായുള്ളവര്‍ക്ക് ഗ്യാസ് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ സബ്സിഡിയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് ഗവണ്‍മെന്റിന് ലഭിക്കുക.
നേരത്തേ 10 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനായി ആദായ നികുതി ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും പെട്രോളിയം ആന്റ്് പ്രകൃതി വാതക മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പാന്‍ കാര്‍ഡ്, വീട്ടുവിലാസം, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങളാണ് പെട്രോളിയം മന്ത്രാലയം ഇതിനായി ശേഖരിച്ചത്.
ഗ്യാസ് സബ്സിഡി സ്വമേധയാ ഉപേക്ഷിക്കുന്നതിനായും കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. GiveItUp എന്ന പേരിലുള്ള സര്‍ക്കാര്‍ ക്യാമ്പയിനിങ്ങിന്റെ ഭാഗമായിരുന്നു ഇത്.
കൂടാതെ സബ്സിഡി നടപ്പിലാക്കുന്നതിനായി എല്‍.പി.ജി കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രം ആവിഷ്‌കരിച്ചിരുന്നു. ഇതിലൂടെ 75 മില്യണ്‍ വ്യാജ കണക്ഷന്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
നവംബറിലെ കണക്കനുസരിച്ച് ഏകദേശം 251.1 മില്യണ്‍ ഗാര്‍ഹിക എല്‍.പി.ജി കണക്ഷനുകളാണ് രാജ്യത്തുള്ളത്. അത്രയധികം എല്‍.പി.ജി സിലിണ്ടര്‍ ഉടമകളുടെ കാര്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളും ഇത് വിലാസവുമായി ചേര്‍ത്ത് പരിശോധിക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.