ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെ ആര്‍.എസ്.എസിനെയും നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നതില്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നേരത്തെ നിരോധനത്തില്‍ പ്രതികരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ തെറ്റില്ലെന്നും ഇപ്രകാരമാണെങ്കില്‍ ആര്‍.എസ്.എസിനെയും നിരോധിക്കണമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
‘രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഞങ്ങള്‍ ഒരിക്കലും എതിരല്ല. ആര്‍.എസ്.എസും രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്നുണ്ട്. പി.എഫ്.ഐക്കെതിരെ നടപടിയെടുക്കാമെങ്കില്‍ ആര്‍.എസ്.എസിനെതിരേയും നടപടി അനിവാര്യമാണ്,’ സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യയുടെ ഇത്തരം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന് പോപ്പുലര്‍ ഫ്രണ്ടിനോടുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ഇതിനോട് ബൊമ്മൈയുടെ പ്രതികരണം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകള്‍ പിന്‍വലിച്ചിരുന്നുവെന്നും ഇതില്‍ നിന്ന് തന്നെ അവരുടെ ബന്ധം വ്യക്തമാകുമെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് ദേശസ്‌നേഹമുള്ള സംഘടനയാണെന്നും അക്രമം അതിന്റെ പാതയില്‍ വരുന്നതല്ലെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. സിദ്ധരാമയ്യ ഇതിനുമപ്പുറം പറയുമെന്നും അദ്ദേഹത്തിന് ആര്‍.എസ്.എസിനെ കുറ്റപ്പെടുത്താതെ രാഷ്ട്രീയം നടത്താന്‍ അറിയില്ലെന്നും ബൊമ്മൈ ആരോപിച്ചു.
‘ആര്‍.എസ്.എസിനെ എന്തിനാണ് നിരോധിക്കുന്നത്? ദേശസ്‌നേഹമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണോ? അതോ രാജ്യത്തെ പാവപ്പെട്ടവന് സഹായമായതിനോ? രാജ്യത്തെ സംസ്‌കാരവും വിശ്വാസവും നിലനിര്‍ത്താന്‍ പോരാടിയതിനോ? രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം അര്‍ത്ഥശൂന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല,’ ബൊമ്മൈ പറഞ്ഞു.
എസ്.ഡി.പി.ഐയെ നിരോധിക്കുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും രജിസ്‌റ്റേര്‍ഡ് പാര്‍ട്ടിയായതിനാല്‍ തന്നെ എസ്.ഡി.പി.ഐയെ നിരോധിക്കുന്നതിന് പ്രത്യേക ചട്ടങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ നിരോധനത്തോടെ പി.എഫ്.ഐ സംസ്ഥാനത്ത് ‘മാരക’മായ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് തെളിഞ്ഞതായും ഷിന്‍ഡെ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും അതിനാല്‍ തന്നെ അവരെ നിരോധിക്കാനെടുത്ത തീരുമാനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പി.എഫ്.ഐയും അതിന്റെ അനുബന്ധ സംഘടനകളും രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സംഘടന സമീപകാലത്തായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിങ് നടത്തുന്നതും, കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും, ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതും, ക്രമസമാധാനം തകര്‍ക്കുന്നതും എല്ലാം തെളിഞ്ഞിട്ടുണ്ട്. സംഘടന മഹാരാഷ്ട്രക്കെതിരായി ഗൂഢാലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്,’ ഷിന്‍ഡെയെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശവിരുദ്ധ ശക്തികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.
ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ പാര്‍ട്ടികളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. സംഘടന യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നുംചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. ക്യാമ്പസ് ഫ്രണ്ട്, എന്‍.സി.എച്ച്.ആര്‍.ഒ, വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്‍.ഐ.എ നടപടിക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയും എന്‍.ഐ.എ റെയ്ഡും നടപടികളും തുടര്‍ന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടും മരവിപ്പിക്കാന്‍ ഉത്തരവുണ്ട്.
Content Highlight:do you mean the reason for banning is its patriotic works asks Basavaraj bommai about siddaramaiah comment