| Sunday, 12th March 2023, 4:31 pm

മുസ്‌ലിങ്ങളെ കടലിലെറിയുമോ; അതോ ചൈനയിലേക്ക് അയക്കുമോ; കേന്ദ്രത്തോട് ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു: രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ബി.ജെ.പി ഇതര പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെയും ഭയത്തിന്റെയും രാഷ്ട്രീയം പുതിയതല്ലെന്നും ഇത്രയും മുസ്‌ലിങ്ങളെ എന്ത് ചെയ്യാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം ചോദിച്ചു.

’22-24 കോടിയോളം വരുന്ന മുസ്‌ലിങ്ങളെ എന്ത് ചെയ്യും? അവരെ കേന്ദ്രം കടലിലെറിയുമോ അതോ ചൈനയിലേക്ക് അയക്കുമോ? ഗാന്ധിജി രാമരാജ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അതിലൂടെ തുല്യ നീതിയുള്ള വിവേചനമില്ലാത്ത രാജ്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്. നമ്മള്‍ ഗാന്ധിജിയുടെ ആശയങ്ങളാണ് പിന്തുടരേണ്ടത്.

ജമ്മു കശ്മീര്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. അല്ലാതെ രാജ്യത്തിനെതിരായവരല്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വസ്തു നികുതിക്കെതിരെ നടന്ന ബന്ദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. ഇത് ജമ്മുകശ്മീരിന്റെ സ്ഥിതി മോശമാണെന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിനെ സ്വതന്ത്ര സംസ്ഥാനമെന്ന നിലയില്‍ നിന്ന് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് കേന്ദ്രം നടത്തുന്ന ദുരന്തമാണെന്നും ജമ്മു കശ്മീരിന്റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് സൂചിപ്പിക്കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

‘ ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടും. സംസ്ഥാന പദവി പുനസ്ഥാപിക്കാന്‍ വേണ്ടി അവരുടെ സഹായം അഭ്യര്‍ത്ഥിക്കും,’ അദ്ദേഹം പറഞ്ഞു.

12 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഫാറുഖ് അബ്ദുള്ളയായിരുന്നു അധ്യക്ഷന്‍. ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വികാര്‍ റസൂല്‍ വാണി, സി.പി.ഐ.എം നേതാവ് എം.വൈ തരിഗാമി, പി.ഡി.പി നേതാവ് അംറിക് സിങ് റീന്‍, നാഷനല്‍ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഹര്‍ഷ് ദേവ് സിങ്, എ.എ.പി നേതാവും ജില്ലാ വികസന കൗണ്‍സില്‍ അംഗവുമായ ടി.എസ് ടോണി തുടങ്ങിയവര്‍ പങ്കെടുത്തു.

content highlight: Do you know Muslims in the sea; Or will it be sent to China; Farooq Abdullah to the Centre

We use cookies to give you the best possible experience. Learn more