ന്യൂദല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. കേരളത്തിലെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ കോണ്‍ഗ്രസ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ ദല്‍ഹിയില്‍ സമരമിരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ പ്രസംഗത്തിന് പിന്നാലെയാണ് ജോണ്‍ ബ്രിട്ടാസ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ ആരാണ് കള്ളം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ജെബി മേത്തര്‍ രാജ്യസഭയില്‍ പറഞ്ഞത്. കുടിശികയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ സംസ്ഥാന ധനമന്ത്രി പറയുന്നത് 600 കോടി രൂപ കുടിശികയുണ്ടെന്നാണെന്നും ജെബി മേത്തര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി വിശദീകരണം നല്‍കണമെന്നും ജെബി മേത്തര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ആശാ പ്രവര്‍ത്തകരാണ് ബുദ്ധിമുട്ടുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞു.
ആശാ പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരായി മാത്രം പരിഗണിക്കരുതെന്നും ജീവനക്കാരായി കാണണമെന്നും ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു. ജെ.പി. നദ്ദയുടെ സാന്നിധ്യത്തിലാണ് ജെബി മേത്തര്‍ സംസാരിച്ചത്. ഇതിനെ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലുന്നയിച്ച ആവശ്യങ്ങളിലൊന്നാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഓണറേറിയം നല്‍കുമ്പോള്‍ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതില്‍ നിന്ന് നിശ്ചിത പ്രവര്‍ത്തന മേഖല, ഇന്‍സെന്റീവ്, വീടുകള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് പിന്‍വലിച്ചത്. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്‍സെന്റീവ് പൂര്‍ണമായും ലഭിക്കുകയുള്ളൂവെന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
നിലവില്‍ പ്രതിമാസം 7,000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി നിശ്ചയിച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ത്തീകരിച്ചാല്‍ മാത്രമാണ് ഓണറേറിയമായ 7000 രൂപ ആശമാര്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ ഇനിമുതല്‍ ഈ തുക ആശമാര്‍ക്ക് ഓണറേറിയമായി അനുവദിക്കുന്നതിന് മേല്‍പ്പറഞ്ഞ പ്രകാരം നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്തത്.
Content Highlight: Do you have the courage to protest against the central government? John Brittas against Congress in Rajya Sabha