| Tuesday, 22nd June 2021, 11:43 pm

ആത്മഹത്യ ഇതിന് പരിഹാരമാണെന്ന് വിശ്വസിക്കുന്നുണ്ടോ ?, ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍: ഷെയ്ന്‍ നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം.

ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോയെന്നും ഉറച്ച നിലപാടോടെ, നേരിടുന്ന ബുദ്ധിമുട്ടുകള്‍ പുറംലോകത്തോട് സധൈര്യം വിളിച്ചുപറയുകയല്ലേ വേണ്ടതെന്നും ഷെയ്ന്‍ ചോദിച്ചു.

അവിടെ അല്ലേ നമ്മള്‍ ജയിക്കുന്നത്. സത്യത്തില്‍ മരണം വരിക്കുന്നതിലൂടെ നമ്മള്‍ തോല്‍ക്കുകയല്ലേ ചെയ്യുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ താരം ചോദിച്ചു. നമ്മുടെ പാഠ്യ സിലബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആര്‍ജവവും സൃഷ്ടിക്കാനും ചെറുപ്പകാലം മുതല്‍ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്.

കൂട്ടത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ എന്നോര്‍മിപ്പിക്കുന്നെന്നും ഷെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തത്.

ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കിരണ്‍ കുമാറിന്റെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് കിരണ്‍ സമ്മതിച്ചിരുന്നു.സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

കിരണിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷം ചുമത്തും. തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Do you believe that suicide is the solution? Do not be silent, we have a lot of people to help says Shane Nigam

We use cookies to give you the best possible experience. Learn more