| Tuesday, 11th August 2020, 4:01 pm

നമുക്കിനിയും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വേണോ

ഷാരിഭ കെ

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം അഥവാ Inclusive Education – ഭിന്നശേഷിക്കാരുടെ അവകാശങ്ങളിലൊന്നാണ്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍ കണ്‍വെന്‍ഷന്‍ സി.ആര്‍.പി.ഡി (Convention on the Rights of Perosns with Disabilities) എല്ലാ ഭിന്നശേഷിക്കാര്‍ക്കും ഉള്‍കൊള്ളുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഒപ്പം ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ ആവശ്യമാണ്?

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ 2007 ല്‍ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച കണ്‍വെന്‍ഷനാണ് സി.ആര്‍.പി.ഡി. ഇതില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പൊതു വിദ്യാഭ്യാസത്തെക്കുറിച്ചു വ്യാഖ്യാനിക്കുന്ന ഒരു രേഖ വിശദമാക്കിയിട്ടുണ്ട്. കൂടാതെ ഇതില്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം, രാജ്യത്ത് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ എന്തുചെയ്യണമെന്നും വിശദമായി പ്രതിപാദിക്കുന്നു. 2007ല്‍ ഇന്ത്യ കൂടി അംഗീകരിച്ച ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനോടുള്ള ബാധ്യത നിറവേറ്റുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് 2016 ലെ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമം.

നിലവില്‍ 1995 ല്‍ പാസാക്കിയിരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ നിയമം പാസ്സാക്കിയത്. 1995 ലെ നിയമം തുല്യ അവസരവും, അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും ഉറപ്പു വരുത്തുന്നതായിരുന്നു. ഇതെല്ലാം നടപ്പിലാക്കിയോ എന്നുള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. 1995 ലെ നിയമത്തില്‍ 7 വിഭാഗത്തിലുള്ള ഭിന്നശേഷിക്കാരായിരുന്നു ഉള്‍പ്പെട്ടതെങ്കില്‍ 2016ലെ നിയമത്തില്‍ 21 വിഭാഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം.

ഇതുപ്രകാരം ഒരോ വിഭാഗക്കാരുടെയും പ്രയാസങ്ങളുടെ തോതനുസരിച്ച് ആവശ്യമായ പരിഗണന നല്‍കി സമൂഹത്തില്‍ സാധാരണക്കാരെ പോലെ തന്നെ എല്ലാ മേഖലയിലും പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട് എന്നും ഇതില്‍ പറയുന്നു. ഇതോടെപ്പം ചേര്‍ത്ത് പറയേണ്ട മറ്റൊരു നിയമമാണ് 2009 ഓഗസ്റ്റ് 4 ന് പ്രാബല്യത്തില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ പ്രകാരം 6 മുതല്‍ 14 വര്‍ഷം വരെ പ്രായപരിധിയിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമമാണിത്.

2010 ഏപ്രില്‍ 1 മുതല്‍ ഈ നിയമം നടപ്പിലാക്കിയപ്പോള്‍, വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശമാക്കി മാറ്റിയ 135 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. എന്നാല്‍ വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശമാണെന്നും അത് എല്ലാ കുട്ടികളെയും പരിഗണിച്ച് കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭിക്കുന്നുണ്ടെന്നും ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കി ഇന്ത്യാ ഗവണ്‍മെന്റിനോ കേരള സര്‍ക്കാറിനോ ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ഇതിലെ ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാഭ്യാസ അവകാശത്തെയും 18 വയസ്സുവരെ സൗജന്യവും നിര്‍ബന്ധിതമയമായ വിദ്യാഭ്യാസം ലഭിക്കേണ്ടതിനെക്കുറിച്ചും സ്‌കൂളില്‍ ഭൗതികമായി ഉണ്ടാവേണ്ട മാറ്റങ്ങള പറ്റിയും അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തെ കുറിച്ചും ഊന്നിപ്പറയുന്നുണ്ട്. ഭിന്നശേഷിക്കാരുള്‍പ്പടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഈ മഹത്തായ നിയമത്തിലൂടെ കുട്ടികളുടെ അവകാശമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ‘ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം (inclusive education) എത്രത്തോളം അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്താണ് ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം?

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കഴിവുകളോ ആവശ്യങ്ങളോ എന്തു തന്നെയായാലും അവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് വിദ്യാഭ്യാസ അവകാശനിയമവും ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമവും അനുശാസിക്കുന്നത്. പ്രീ-സ്‌കൂള്‍, പ്രൈമറി, സെക്കന്‍ഡറി, തൃതീയ, തൊഴില്‍ പഠന മേഖലകളിലെല്ലാം ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉള്‍പെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസമാണ് ‘ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം.

ഓരോ കുട്ടിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. അതില്‍ ഭിന്നശേഷിക്കാരായ കുട്ടികളും ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ ഓരോ കുട്ടിക്കും ‘ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ അടിസ്ഥാന മനുഷ്യാവകാശമാണെന്ന് സി.ആര്‍.പി.ഡി ഊന്നിപ്പറയുന്നു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ വഴിയിലെ ഘട്ടങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമെ ഉള്‍കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവുകയുള്ളൂ.


‘ഒഴിവാക്കല്‍ ‘അഥവാ Exclusion ആയിരുന്നു ആദ്യത്തെ രീതി: അതായത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ ഭിന്നശേഷിയുടെ തോത് എന്തു തന്നെയായാലും എതു വിഭാഗത്തിലുള്ളവരായാലും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതില്ല എന്നും അത് കൊണ്ട് യാതൊരു പ്രയോചനവുമില്ല എന്നുമുള്ള സമൂഹത്തിന്റെ മിഥ്യാധാരണ മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയാണിത്. രണ്ടാമത്തെത് വേര്‍തിരിക്കല്‍ അഥവാ Segregation ആണ് .

ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ചുറ്റുപാടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് അവര്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക പരിതസ്ഥിതികളില്‍ വിദ്യാഭ്യാസം നല്‍കുന്നു. ഇതിലൂടെ വലിയ രീതിയിലുള്ള ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് കൂടാതെ സാധാരണ സാമൂഹിക ജീവിയാകുവനുള്ള ഒരു മനുഷ്യന്റെ അവകാശമാണ് നിഷേധിക്കപ്പെടുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മൂന്നാമത്തെ രീതിയാണ് സംയോജനം അഥവാ Integration. ഇതിലൂടെ കുട്ടികളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസം നല്‍കുന്നു. എന്നാല്‍ അവര്‍ക്ക് അനുയോജ്യമായ പുനക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്താത്ത മറ്റു കുട്ടികളോടൊപ്പമുള്ള പഠന പ്രവര്‍ത്തനങ്ങളിലും മറ്റുമുള്ള അനുഭവങ്ങള്‍ ലഭിച്ചു കൊണ്ട് മുഖ്യധാരയിലേക്കെത്താനുള്ള അവസരം ലഭിക്കാത്ത ഒരു വിദ്യാഭ്യാസ രീതിയാണിത്.

അവസാനമായി ‘ഉള്‍പ്പെടുത്തല്‍’ അഥവാ Inclusion: ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ഒരു വിവേചനവുമില്ലാതെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാവാന്‍ കഴിയുന്നു. അധ്യാപന രീതിയും വിദ്യാലയ ഭൗതിക സാഹചര്യങ്ങളും പാഠ്യപദ്ധതിയും എന്നു വേണ്ട വിദ്യാഭ്യാസ സംസ്‌കാരവും നയവും പരിശീലനവും ഉള്‍പെടെ എല്ലാം 2016 ലെ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമം അനുശാസിക്കുന്ന 21 വിഭാഗത്തില്‍ പെട്ട എല്ലാവരെയും മുഖ്യധാരയിലേക്കെത്തിക്കാനുതകുന്ന രീതിയിലേക്ക് പുനക്രമീകരിച്ചു കൊണ്ട് തന്റെ പ്രയാസങ്ങളെ മറികടന്ന് തന്റെ ഉള്ള കഴിവിനെ പരമാവധി മെച്ചപ്പെടുത്തി സമൂഹത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പു നല്‍കുന്നതാണ് ‘ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം’. Inclusion അഥവാ ‘ഉള്‍പ്പെടുത്തല്‍’ ഫലപ്രദമായി നടന്നാല്‍ മാത്രമേ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമത്തില്‍ പറയുന്ന തുല്യ അവസരവും, അവകാശ സംരക്ഷണവും, പൂര്‍ണ്ണ പങ്കാളിത്തവും സാധ്യമാവുകയുള്ളൂ.

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നത് എന്ത് കൊണ്ടാണ്.

എല്ലാ കുട്ടികള്‍ക്കും ഫലപ്രദമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. കൂടാതെ ഇതിലൂടെ ലോകത്തൊട്ടാകെ അനുതാപപൂര്‍ണ്ണമായ ഒരുപാട് സമൂഹങ്ങള്‍ രൂപം കൊള്ളുന്നു. ഉദാഹരണമായി ഒരു ഭിന്നശേഷിക്കാരനായ വ്യക്തി അവന്റെ സ്‌കൂള്‍ ജീവിതം പൊതു സ്‌കൂള്‍ സമൂഹത്തിന്റെ ഭാഗമാക്കുന്നതോടെ അവന്റെ സാധാരണ ജീവിതത്തില്‍ ഏതൊരാളെയും അഭിമുഖീകരിക്കുവാനുള്ള ധൈര്യം ലഭിക്കുവാന്‍ മറ്റൊരു പരിശീലനത്തിന്റെ ആവശ്യമില്ല. ഇതല്ലാതെ മറ്റൊരു പ്രധാന മാറ്റം കൂടി അവരുള്‍പെടുന്ന സ്‌കൂള്‍ സമൂഹത്തിലെ ഒരോ കുട്ടിയും ഭിന്നശേഷിക്കാര്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിലാണ് താന്‍ ജീവിക്കുന്ന ബോധമുള്ള വിശാലമായ കാഴ്ചപ്പാടുള്ള പൗരന്‍മാരായി വാര്‍ത്തെടുക്കപ്പെടുന്നു. ഏതൊരു വിദ്യാര്‍ത്ഥിയുടെയും മൗലികാവകാശമായ വിദ്യാഭ്യാസം നേടുക എന്നുള്ളത് സാധ്യമാകുന്നു.

‘ഭിന്നശേഷി സൗഹൃദ കേരളം’, ‘ഭിന്നശേഷി സൗഹൃദ വിദ്യാലയം’ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ കേരളീയരുടെ ഹൃദയത്തില്‍ കുളിരണിയുമെങ്കിലും വിശാലമായ കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്ന വിദ്യാസമ്പന്നരെന്നു സ്വയം പുകഴ്ത്തുന്ന നമ്മള്‍, ഭിന്നശേഷിക്കാരെയും അവരുടെ അവകാശത്തെയും എത്രകണ്ട് കണക്കിലെടുത്തുവെന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുനരാലോചിക്കേണ്ടിയിരിക്കുന്നു.

എന്താണ് ‘ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തില്‍’ ഉള്‍പ്പെടുന്നത്?

മുഴുവന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയും പരിവര്‍ത്തനം ചെയ്യുന്നതാണ് സമഗ്ര വിദ്യാഭ്യാസം അഥവാ ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം. ഇതിനു വേണ്ടി നിയമനിര്‍മ്മാണം, നയ രൂപീകരണം, വിദ്യാഭ്യാസവിതരണം, വിദ്യാഭ്യാസ നിരീക്ഷണം, വ്യസ്ഥകള്‍ – ധനസഹായം, ഭരണം, സ്‌കൂളുകള്‍ പുനക്രമീകരിക്കല്‍ മുതലായ പ്രവര്‍ത്തനങ്ങളെല്ലാം അനുയോജ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശനിയമത്തെ കുറിച്ചുള്ള അവബോധം ശരിയായ വിധത്തില്‍ ആളുകളിലെത്തിക്കലും ഇതില്‍ പെടുന്നു.

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം സാധ്യമാവണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയങ്ങളിലുടനീളവും സ്‌കൂളുകളിലും പ്രതിബദ്ധതയും വിഭവങ്ങളും ഉണ്ടാവണം. ‘ഉള്‍കൊള്ളുന്ന വിദ്യാഭ്യാസ’ നിര്‍വഹണ പുരോഗതി നിരന്തരം വിലയിരുത്തണം. ഉള്‍കൊള്ളുന്ന വിദ്യാലയ പരിതസ്ഥിതിയില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ ആവശ്യമായ സേവനം നിരന്തരം ലഭിക്കാനുള്ള അവസരമുണ്ടാകണം. എല്ലാ അധ്യാപകരുടെയും പ്രവര്‍ത്തനവും വിദ്യാര്‍ത്ഥികളുടെ പഠനവും സാധ്യമാകുന്നതിന് മികച്ച പിന്തുണ സംവിധാനം ഉറപ്പാക്കണം. വൈവിധ്യത്തെ ബഹുമാനിച്ച് കൊണ്ട് എല്ലാ കുട്ടികളുടെയും തുല്യ പങ്കാളിത്തം ഉറപ്പു വരുത്തണം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭിന്നശേഷിക്കാരുടെ സംഘടനയുടെയും പൂര്‍ണ്ണ സഹകരണവും പങ്കാളിത്തവും സാധ്യമാക്കണം.

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം

ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാ കുട്ടികള്‍ക്കും ബാധകമാണ്. ഇത് ഓരോ കുട്ടിയേയും ഒരു യൂണിറ്റായി കാണുകയും വേണ്ട പരിഗണനയും പിന്തുണയും നല്‍കി കുട്ടിയുടെ പരമാവധി വികാസം ഉറപ്പിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ്. യാതൊരു വിവേചനവുമില്ലാതെ വിദ്യാലയത്തില്‍ പ്രവേശിച്ചുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് ഈ അവകാശം സാക്ഷാത്കരിക്കപ്പെടണം. തുല്യത ഉറപ്പു വരുത്തണം.ശാരീരികവും ഭൗതികവും നിയമപരവും ആശയവിനിമയപരവും ഭാഷപരവും, സാമൂഹിക-സാമ്പത്തിക, മനോഭാവ പരവുമായ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യണം.

കുട്ടികളുടെ കഴിവുകളുടെയും സാമര്‍ത്ഥ്യത്തിന്റെയും പൂര്‍ണ്ണ വികാസമാണെല്ലോ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ഭിന്നശേഷിക്കാരുടെ കാര്യത്തിലും ഫലപ്രദമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. വൈവിധ്യത്തെ കുറിച്ചുള്ള ധാരണയും ബഹുമാനവും വളര്‍ത്തുന്നതോടൊപ്പം സഹിഷ്ണുതയോടെയും സഹകരണത്തോടെയും എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ ഉറപ്പു വരുത്തുവാന്‍ സര്‍ക്കാരിന് കഴിയണം. ഭിന്നശേഷിക്കാരായ കുട്ടികളെ ഒരിക്കലും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കുകയോ മാറ്റി നിര്‍ത്തുകയോ ചെയ്യരുത്. രാജ്യത്ത് നടക്കുന്ന ഏത് നിയമ നിര്‍മ്മാണവും അവരെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം ഉണ്ടാവേണ്ടത്. പ്രീ-സ്‌കൂള്‍, പ്രൈമറി, സെക്കന്‍ഡറി, തൃതീയ, തൊഴില്‍ പഠന മേഖലകളിലെല്ലാം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തണം. രാജ്യത്തുടനീളം മതിയായ എണ്ണം സ്‌കൂളുകളുണ്ടാവണം എന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ നിയമത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

പിന്തുണാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രത്തോളം

സ്‌കൂള്‍ കെട്ടിടവും ഗതാഗതവും, കൂടാതെ കളിസ്ഥലങ്ങള്‍, ശുചിത്വം -ടോയ്ലറ്റ് സൗകര്യങ്ങള്‍, ആശയവിനിമയം, പാഠ്യപദ്ധതി, വിദ്യാഭ്യാസ സാമഗ്രികള്‍, അധ്യാപന രീതികള്‍, വിലയിരുത്തല്‍, പിന്തുണാ സേവനങ്ങള്‍ എല്ലാം ഭിന്നശേഷി സൗഹൃദമാവണമെന്നും യാതൊരു തടസ്സങ്ങളുണ്ടാവരുതെന്നും നിയമം അനുശാസിക്കുന്നു. വ്യത്യസ്ത പഠന ആവശ്യകതകളുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളുമായി സ്‌കൂളുകള്‍ പൊരുത്തപ്പെടണം. മറ്റുള്ളവരുമായി തുല്യ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം നേടാന്‍ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനും വിദ്യാഭ്യാസം നേടുന്നതിലെ വിവേചനത്തെ മറികടക്കാനും ഉതകുന്ന അഡാപ്‌റ്റേഷനുകള്‍ പ്രത്യേക അധ്യാപകരുടെ സഹായത്തോടെ അധിക സേവനങ്ങള്‍ സ്‌കൂളില്‍ സ്ഥിരമായി ലഭിക്കണം. ഭിന്നശേഷി വിദ്യാര്‍ത്ഥിയുടെ ഇഷ്ടാനുസരണമുള്ള ന്യായമായ താമസ സൗകര്യങ്ങള്‍ ഒരുക്കണം. ഒരു കുട്ടിയുടെ മെഡിക്കല്‍ രോഗനിര്‍ണയം വഴി ന്യായമായ താമസസൗകര്യം എന്താണെന്ന് ഒരിക്കലും തീരുമാനിക്കരുത്, മറിച്ച് ഒരു പ്രത്യേക കുട്ടി അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നോക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.

കുട്ടിക്ക് അനുയോജ്യമായ സ്ഥലത്തേക്ക് ആവശ്യാനുസരണം ക്ലാസ്സ് മുറി മാറ്റണം. ക്ലാസ്സ് മുറിയിലെ ആശയ വിനിമയം ഭിന്നശേഷിക്കാരുടെ ആവശ്യം മാനിച്ചു കൊണ്ടാവണം. പുസ്തകങ്ങളുടെ വലിയ അച്ചടികള്‍, ബ്രെയില്‍ ലിപി പോലുള്ളത് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. ആവശ്യമുള്ള കുട്ടികള്‍ക്ക് പഠന ഘട്ടത്തിലും വിലയിരുത്തല്‍ സമയത്തും വ്യാഖ്യാതാവിനെയോ എഴുതുവാനുള്ള സഹായിയെയോ അനുയോജ്യമായ രീതിയില്‍ പ്രദാനം ചെയ്യണം. വിലയിരുത്തല്‍ സമയത്ത് നിയമം അനുശാസിക്കുന്ന അധിക സമയവും സാങ്കേതിക വിദ്യയുടെ ഉപയോഗവും അനുവദിക്കുകയും വേണം.

സെന്‍സറി പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളെ പരിഗണിച്ച് കൊണ്ട് പാശ്ചാത്തല ശബ്ദത്തിന്റെ അളവ് നിജപ്പെടുത്തി സംവേദനക്ഷമത ഉറപ്പു വരുത്തുക. കുട്ടിക്കനുയോജ്യമായ രീതിയില്‍ ബദല്‍ വിലയിരുത്തല്‍ സംവിധാനങ്ങളോ പഠന പ്രവര്‍ത്തനത്തില്‍ ചില പ്രത്യേക ഘടകങ്ങളില്‍ ഊന്നല്‍ നല്‍കുകയോ വേണം. ഇതെല്ലാം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട ഔദാര്യമല്ലെന്നും അവകാശമാണെന്നും നമ്മള്‍ അറിഞ്ഞു കഴിഞ്ഞു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അവകാശങ്ങള്‍ പ്രാപ്തമാക്കുന്നതിന് സര്‍ക്കാരുകളുടെ പൊതുവായ പിന്തുണ അര്‍ഹിക്കുന്നുമുണ്ട്. പ്രത്യേകിച്ച് അവരുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഭൂരിഭാഗവും.

ഉദാഹരണത്തിന്, പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുന്നതിന് പ്രത്ര്യക മേഖലയില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, മറ്റ് പ്രസക്തമായ ആരോഗ്യ സാമൂഹിക ക്ഷേമ പ്രൊഫഷണലുകള്‍ മുതലായവരുടെ സേവനം ഉറപ്പിക്കേണ്ടതുണ്ട്. കൂടാതെ അവര്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക വിഭവങ്ങളിലേക്കും എത്തിപ്പെടുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും പിന്തുണ ആവശ്യമാണ്. കുട്ടിയുടെ നിജസ്ഥിതി മനസ്സിലാക്കി പ്രത്യേക അധ്യാപകരുടെയും ക്ലാസ്സ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടു കൂടി വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിച്ച് നല്‍കണം.

ഇതിന്റെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയും വേണം. എല്ലാ മേഖലയിലും പിന്തുണ നല്‍കുന്ന തരത്തില്‍ ആവണം വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കേണ്ടത്. ഇത്തരം പിന്തുണകള്‍ ലഭിക്കാത്ത പക്ഷം ഭിന്ന ശേഷിക്കാര്‍ക്ക് പരാതി നല്‍കാന്‍ അവകാശമുണ്ട്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം പോലുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വ്യക്തിഗത വിദ്യാഭ്യാസ പദ്ധതിയുടെ ആവശ്യകത കൂടുതലായിരിക്കും. ഇങ്ങനെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നതിലൂടെ അവരുടെ ജീവിതത്തില്‍ ആശയ വിനിമയവും സാമൂഹ്യവല്‍ക്കരണവും സാധ്യമാകുന്നു. ഇതിലൂടെ മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങളിലേക്കെത്താന്‍ കഴിയുന്നു. ഇതെല്ലാം അവര്‍ക്ക് ലഭിക്കേണ്ട ഔദാര്യമല്ല മറിച്ച് അവകാശമാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.

അന്ധരും ഭാഗികമായി കാഴ്ചയുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍, മൊബിലിറ്റി കഴിവുകള്‍ വികസിപ്പിച്ചെടുത്തു കൊണ്ട് ബ്രെയ്ലിയും മറ്റ് ഇതര ആശയവിനിമയങ്ങളും സാങ്കേതിക വിദ്യകളും പഠിക്കാന്‍ പ്രാപ്തരാക്കണം. അതുപോലെ ബധിരരും കേള്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷ പഠിക്കാനും അവരുടെ ഭാഷാപരമായ ഐഡന്റിറ്റി നേടാനും അവസരം ഉണ്ടായിരിക്കണം. അതുപോലെ നിലവാരമുള്ള സ്പീച്ച് തെറാപ്പി സേവനങ്ങള്‍, ഇന്‍ഡക്ഷന്‍ ലൂപ്പ് സാങ്കേതികവിദ്യ, എന്നിവയിലേക്കും എത്തുവാന്‍ അവസരമുണ്ടാവണം.

വൈകല്യം അതിജീവിച്ച് ആംഗ്യ ഭാഷ കുറച്ച് ആശയ വിനിമയത്തിനായി ബദല്‍ സംവിദാനങ്ങള്‍ അതായത് സ്പീച്ച് ഔട്ട്പുട്ടുള്ള ടാബ്ലെറ്റുകള്‍, വോയ്സ് ഔട്ട്പുട്ട് കമ്മ്യൂണിക്കേഷന്‍ എയ്ഡുകള്‍ (VOCAS) അല്ലെങ്കില്‍ ആശയവിനിമയ പുസ്തകങ്ങള്‍ മുതലായ ഹൈടെക് ആശയവിനിമയം ഉള്‍പ്പെടെ മനസ്സിലാക്കാനും സ്വയം പ്രകടിപ്പിക്കാനുമുള്ള അവസരം അവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ ആശയവിനിമയ ബുദ്ധിമുട്ടുകള്‍ ഉള്ള പഠിതാക്കളെ അനുരൂപീകരണ സാധ്യതയിലൂടെയും, ഗ്രൂപ്പ് പിന്തുണ, പിയര്‍ ട്യൂട്ടോറിംഗ്, ടീച്ചറിനടുത്തുള്ള ഇരിപ്പിടം എന്നിവ ഉള്‍പ്പെടെ ഘടനാപരവും പ്രവചനാത്മകവുമായ ഒരു അന്തരീക്ഷത്തിന്റെ സൃഷ്ടിയിലൂടെ പിന്തുണയ്ക്കേണ്ടതാണ്.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വായന സാമഗ്രികളും ലളിതമായ ആശയ വിനിമയത്തിലൂടെയുള്ള അധ്യാപനവും പഠന പ്രകിയകളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെ അനുരൂപീകരണ സാധ്യതയോടെ എത്തിച്ചു നല്‍കണം. സുരക്ഷിതവും ശാന്തവും ഘടനാപരവുമായ പഠന പരിതസ്ഥിതിയുണ്ടാകണം. സമഗ്രമായ അന്തരീക്ഷത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച അധ്യാപകരായിരിക്കണം. ഒപ്പം ഭിന്നശേഷിക്കാരായ പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കുകയും വേണം. ഇത് സ്‌കൂളുകളില്‍ തുല്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുവാന്‍ സഹായിക്കും, കൂടാതെ അതുല്യമായ വൈദഗ്ധ്യവും കഴിവുകളും കൊണ്ട് തടസ്സങ്ങള്‍ മാറ്റി ഉള്‍കൊള്ളുന്ന വിദ്യാലയമാക്കാന്‍ മതിയായ സംഭാവന നല്‍കി പ്രധാനപ്പെട്ട റോള്‍ മോഡലുകളായി അവര്‍ വര്‍ത്തിക്കുന്നു.

വിദ്യാഭ്യാസത്തിനുള്ള അവകാശവും മറ്റ് മനുഷ്യാവകാശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം ഫലപ്രദമായി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. വിദ്യാഭ്യാസ അവകാശം നിറവേറ്റപ്പെടുകയാണെങ്കില്‍, ഒരു വ്യക്തിയെ മറ്റ് അവകാശങ്ങളുടെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നു.

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ എന്തുചെയ്യണം?

വിദ്യാഭ്യാസത്തിനായുള്ള ഘടനകള്‍ സ്ഥാപിക്കുക: ഓരോ കുട്ടിക്കും വിദ്യാഭ്യാസം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സ്‌കൂളുകളില്‍ ലഭ്യമാക്കുക എന്നുള്ളത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമായിരിക്കണം. ഉള്‍കൊള്ളുന്ന വിദ്യാഭ്യാസം സൃഷ്ടിക്കാന്‍ സഹായിക്കുന്നതില്‍ മറ്റ് മന്ത്രാലയങ്ങള്‍ പങ്കാളികളാകേണ്ടതുണ്ട് – ഉദാഹരണത്തിന്, കുട്ടികളെ സ്‌കൂളില്‍ പോകാന്‍ പ്രാപ്തമാക്കുന്നതിനുള്ള ഗതാഗതം, കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന തരത്തിലുള്ള ആസൂത്രണങ്ങള്‍ ചെയ്യുക. കുട്ടികളുടെ സംരക്ഷണ യൂണിറ്റ് കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കുക. ഇതിന് മതിയായ ഫണ്ട് ലഭ്യമാണെന്ന് ധനകാര്യ വകുപ്പ് ഉറപ്പാക്കുകയും വേണം. ഇങ്ങനെ സംയുക്ത പിന്തുണാ സംവിധാനത്തിലൂടെ എളുപ്പത്തില്‍ സര്‍ക്കാരിന് ഈ മഹത്തായ കാര്യം നടപ്പില്‍ വരുത്തുവാന്‍ കഴിയുന്നു.

ഉള്‍കൊള്ളുന്ന വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന തരത്തില്‍ ശരിയായ നിയമങ്ങളും നയങ്ങളും ഉണ്ടായിരിക്കണം. വിവേചനം അവസാനിപ്പിച്ച് ഉള്‍കൊള്ളുന്ന വിദ്യാഭ്യാസത്തിലൂടെ തുല്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുവാന്‍ കഴിയണം. ഭിന്നശേഷിക്കാരുടെ ശബ്ദം കേള്‍ക്കുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി അവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് നിയമത്തിന്റെ കൂടി ഉത്തരവാദിത്തമാകണം. എല്ലാ സ്‌കൂളുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുന്നതിന് ആരോഗ്യമേഖലയടക്കം സജ്ജമാണെന്ന് ഉറപ്പു വരുത്തുകയും വേണം.

‘ഉള്‍ചേര്‍ന്ന വിദ്യാഭ്യാസരീതി’ നടപ്പില്‍ വരുത്തുവാന്‍ സര്‍ക്കാരുകള്‍ ഒരു വിശാലമായ കാഴ്ചപ്പാടോടെ കര്‍മപദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതായത് ഒരു സ്‌കൂളില്‍ എത്ര കുട്ടികള്‍, എത്ര പണം ലഭ്യമാക്കണം, തടസ്സ രഹിത ബില്‍ഡിംഗുകള്‍ എങ്ങനെ, അധ്യാപകര്‍ ഏത് വിഭാഗത്തിലുള്ളത് പോലുള്ള നിരവധി കാര്യങ്ങള്‍ ഉള്‍കൊള്ളിക്കുന്നത് കൂടാതെ രൂപീകരിക്കുന്ന ലക്ഷ്യങ്ങള്‍ എപ്പോള്‍ കൈവരിക്കുമെന്നതിനുള്ള സമയ ഫ്രെയിമുകള്‍ എല്ലാം ആവശ്യമാണ്.

ഭിന്ന ശേഷിക്കാരായ എത്ര കുട്ടികള്‍ ഉണ്ടെന്ന് സര്‍ക്കാരുകള്‍ വിവര ശേഖരണം നടത്തുമ്പോള്‍ എത്ര കുട്ടികള്‍ പൊതു സമൂഹത്തിന്റെ ഭാഗമാണെന്ന് കൂടി വിവര ശേഖരണം നടത്തേണ്ടതുണ്ട്. അവരുടെ പഠനത്തെ പിന്തുണയ്ക്കാന്‍ അവര്‍ക്ക് എന്തൊക്കെ സഹായം ആവശ്യമാണ്. അവര്‍ സ്‌കൂളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്താണെന്നും അറിഞ്ഞാല്‍ മാത്രമേ സര്‍ക്കാരിന് ശരിയായി ആസൂത്രണം ചെയ്യാന്‍ കഴിയുകയുള്ളൂ.

ഭിന്നശേഷിക്കാരായ നിരവധി മുതിര്‍ന്നവരും കുട്ടികളും വിവിധ സ്ഥാപനങ്ങളില്‍ അതായത് – അനാഥാലയങ്ങളിലും
റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഉണ്ട്. പൊതു സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന, ഒറ്റപ്പെടുത്തുന്ന ഇത്തരം സമ്പ്രദായം ഗവണ്‍മെന്റ് അവസാനിപ്പിക്കേണ്ടതുണ്ട്. ആ കുട്ടികള്‍ക്ക് സ്വന്തം കുടുംബങ്ങളുമായോ കമ്മ്യൂണിറ്റിയിലെ മറ്റ് കുടുംബങ്ങളുമായോ ജീവിക്കാന്‍ സഹായിക്കുകയാണ് വേണ്ടത്.

അവര്‍ക്ക് അവരുടെ പ്രാദേശിക സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനും സാധാരണ കുട്ടികളോടിടപഴകാനും അവസരം ഒരുക്കണം. അവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ഉറപ്പു വരുത്തുകയും വേണം.
‘വേര്‍തിരിക്കലിനെ’ ധടലഴൃലഴമശേീിപ പിന്തുണക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം ഒഴിവാക്കുന്നതിലൂടെ സര്‍ക്കാറുകള്‍ക്ക് ഉള്‍ക്കൊള്ളുന്ന സ്‌കൂളുകളെ പിന്തുണയ്ക്കാന്‍ കഴിയും. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിലൂടെ എല്ലാ കുട്ടികള്‍ക്കും ഒരേ വിദ്യാലയത്തില്‍ പ്രവേശനവും വിദ്യാഭ്യാസവും ഉറപ്പു വരുത്താന്‍ കഴിയും. കൂടാതെ പഠന സാമഗ്രികള്‍ നല്‍കാനും ,വ്യത്യസ്ത പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കാനും കഴിയും.

ഭിന്നശേഷിക്കാരായ കുട്ടികളുള്ള സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്. വളരെ വ്യത്യസ്തമായ കഴിവുകളുള്ള ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേക അധ്യാപകരുടെ പിന്തുണയോടെ അധ്യാപകര്‍ക്ക് കഴിയണം. ഭിന്നശേഷിക്കാരായ കുട്ടികളെ വിലയിരുത്തുന്നതിനും പുരോഗതി രേഖപ്പെടുത്തുന്നതിനും ചില പ്രത്യേക അസ്സസ്‌മെന്റും ടെസ്റ്റും നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഇതിനായി ഈ പരിശീലനങ്ങളെല്ലാം ലഭിച്ചിരിക്കുന്ന പ്രത്യേക അധ്യാപകരെ സ്‌കൂളിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടതുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ‘ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ ലഭിച്ചിട്ടില്ലെങ്കിലോ, തങ്ങള്‍ക്ക് വിവേചനം നേരിടുന്നുവെന്ന് തോന്നിയാലോ നിയമാനുസൃതമായി പരാതി നല്‍കാന്‍ അവകാശമുണ്ട്. കാരണം ഇതെല്ലാം അവരുടെ അവകാശത്തില്‍ പെടുന്നു എന്നുള്ളതാണ്. എന്നാല്‍ പരാതി നല്‍കുന്നതിനുള്ള സിസ്റ്റം സര്‍ക്കാര്‍ സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമാക്കി കൊടുക്കണം. പരാതി ന്യായമാണെങ്കില്‍ സര്‍ക്കാരുകളോ സ്‌കൂളുകളോ നടപടി എടുക്കല്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ലക്ഷ്യങ്ങളും സമയപരിധികളും സ്വയം നിശ്ചയിക്കേണ്ടത് പ്രധാനമാണ്.

അത് പുരോഗമിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ സംവിധാനത്തിന് അളക്കാനും കഴിയണം. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ [Right to Perosn With Disability Act] പറയുന്ന 21 വിഭാഗത്തില്‍ പെടുന്ന ഭിന്നശേഷിക്കാരെ പരിഗണിച്ച് കൊണ്ട് കൃത്യമായി കണക്ക് എടുത്താല്‍ അവരുടെ മൗലികാവകാശമായ വിദ്യാഭ്യാസം ലഭിക്കുക എന്നുള്ള അവകാശത്തിന്റെ ലംഘനം നടന്നതിന്റെ കണക്കുകൂടി ലഭിക്കും.

1995 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ പരാമര്‍ശിച്ച പ്രകാരമോ 2009 ലെ വിദ്യാഭ്യാസ നിയമ പ്രകാരമോ 2016 ലെ പുതുക്കിയ ഭിന്നശേഷി പ്രകാരമോ ഉള്ള അവകാശ ലംഘനങ്ങള്‍ രാജ്യത്ത് നടക്കുന്നതിന്റെ കണക്ക് നോക്കിയാല്‍ കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാകും.

പല കുട്ടികള്‍ക്കും അവരെ പിന്തുണക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് MHRD യുടെ പ്രോജക്ട് വഴി കരാര്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്ന അധ്യാപകരെയും പലപ്പോഴും അവഗണിക്കുന്ന കാര്യത്തില്‍ കേരളീയരെന്ന് അഭിമാനത്തോടെ പുകഴ്ത്തിപ്പറയുന്ന നമ്മള്‍ പോലും പല സംസ്ഥാനത്തേക്കാള്‍ വളരെ പിന്നിലാകുന്ന കാഴ്ചയാണ്. മാധ്യമങ്ങള്‍ ഇതിനെ കേവലം തൊഴില്‍ പ്രശ്‌നമായി മാത്രമാണ് അവതരിപ്പിക്കുന്നതും സര്‍ക്കാറുകള്‍ മനസ്സിലാക്കുന്നതും എന്ന് പറയേണ്ടിവരും. ഓരോ വ്യക്തിയുടെയും മൗലികാവകാശം സംരക്ഷിക്കേണ്ടത് മനുഷ്യര്‍ക്ക് മൂല്യം കല്‍പിക്കുന്ന സര്‍ക്കാര്‍ കാണേണ്ടതുണ്ട് എന്നതാണ് പ്രധാനം. പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ മനുഷ്യരാണ് എന്ന് ആര്‍ക്കും സംശയമില്ലാത്ത
സാഹചര്യത്തില്‍!

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാരിഭ കെ

അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, പതിനഞ്ച് വര്‍ഷമായി സര്‍വ ശിക്ഷാ അഭിയാനില്‍ പ്രവര്‍ത്തിക്കുന്നു

We use cookies to give you the best possible experience. Learn more