ന്യൂദല്‍ഹി: വന്ദേമാതരം വിളിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന ചോദ്യവുമായി ഒഡീഷയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും എം.പിയുമായ പ്രതാപ് ചന്ദ്ര സാരംഗി. പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ ചോദ്യം.
” വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്തെങ്കിലും അവകാശമുണ്ടോ? ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗക്കാരെ രാജ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യം പ്രധാനമന്ത്രിയുടെ കൂടെയാണ്. അഫ്‌സല്‍ ഗുരുവിനെ പ്രശംസിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ടോയെന്നും മന്ത്രി ചോദിച്ചു. ‘ഒരിക്കലും ഇല്ല’ എന്നായിരുന്നു പാര്‍ലമെന്റിന്റെ ട്രഷറി ബെഞ്ച് ഇതിന് നല്‍കിയ മറുപടി.
കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ സമാജ്വാദി പാര്‍ട്ടി എം.പി ഷാഫിക്കുര്‍ റഹ്മാന്‍ ബാര്‍ക്ക് ”വന്ദേമാതരം” വിളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇസ്‌ലാമിന് എതിരാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നടപടി. ഇതിന് പിന്നാലെയായിരുന്നു ചിലരെ ഉന്നം വെച്ചുകൊണ്ടുള്ള ബി.ജെ.പി മന്ത്രിയുടെ ചോദ്യം.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ബി.ജെ.പി നേടിയിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രസംഗത്തില്‍ സാരംഗി പറഞ്ഞു. ഒഡീഷയിലെ ബജ്റംഗ്ദളിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ കൂടിയായിരുന്നു സാരംഗി.
2002 ല്‍ ഒഡീഷ നിയമസഭ ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ ഗ്രൂപ്പുകള്‍ ആക്രമിച്ച സംഭവത്തില്‍ കലാപം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സാരംഗിയെ അറസ്റ്റ് ചെയ്തിരുന്നു.
സാരംഗിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച്, 10 ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്. എന്നാല്‍ ഒരു കേസില്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.