| Friday, 22nd March 2024, 10:03 pm

സുരേഷ് ഗോപി വിളിച്ച പരിപാടിക്ക് പോകാന്‍ കഴിയില്ല; പ്രതികരണവുമായി ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ക്ഷണിച്ച പരിപാടിക്ക് പോകാന്‍ കഴിയില്ലെന്ന് ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍. രാമകൃഷ്ണനെതിരെയുള്ള നൃത്താധ്യാപിക സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ക്ഷണം.

സഹോദരനായ കലാഭവന്‍ മണിയുടെ മരണത്തിന് ശേഷവും തങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ സുരേഷ് ഗോപിയുടെ ക്ഷണം നിരസിക്കുകയാണെന്നും അന്നേ ദിവസം മറ്റൊരു പരിപാടി ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെയുള്ള അധിക്ഷേപം പൊതുസമൂഹം ഏറ്റെടുത്തതാണെന്നും ഈ വിഷയത്തില്‍ കേരളത്തിലുള്ളവര്‍ നടത്തിയ പ്രതികരണം ശക്തമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സത്യഭാമയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവരുടെ സംസ്‌കാരമെന്താണെന്ന് അവര്‍ ഉപയോഗിക്കുന്ന ഭാഷയിലൂടെ മനസിലാക്കാമെന്നും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വിവാദത്തില്‍ കക്ഷി രാഷ്ട്രീയമില്ലെന്നും കറുത്ത നിറമുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ചിന്ത ജീര്‍ണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തി എന്ന നിലയില്‍ സത്യഭാമക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുന്നുണ്ട്. കൂടാതെ ഇത്തരം വിവേചനകള്‍ക്കെതിരെ ശബ്ദിക്കണം എന്നുള്ളതിനാല്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

വിവാദത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികളുമായും മറ്റും സംവദിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനും കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലും തന്നെ അംഗീകരിച്ച ആളുകളോട് നന്ദി അറിയിക്കുന്നതായും ആര്‍.എല്‍.വി. കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍.എല്‍.വി രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിവാദ പരാമര്‍ശനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ വി കെ ബീന കുമാരി ആവശ്യപ്പെട്ടത്. ഈ വിഷയത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സ്വാമിയും പരാതി അറിയിച്ചിരുന്നു.

Content Highlight: Do. R.L.V. Ramakrishnan will not participate in the event called by Suresh Gopi

We use cookies to give you the best possible experience. Learn more