ന്യൂദല്‍ഹി: പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്. കര്‍ഷകരോട് മാപ്പ് പറയേണ്ടതില്ലെന്നും, ഇതിലൂടെ ലോകത്തിന് മുന്നില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ടികായത് വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ടികായത് ഇക്കാര്യം പറയുന്നത്.
‘പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങളാഗ്രഹിക്കുന്നില്ല. ലോകത്തിന് മുന്നില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ഞങ്ങളാഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ സമ്മതമില്ലാതെ ആര്‍ക്കും ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ ആത്മാര്‍ത്ഥമായാണ് വയലില്‍ വിത്ത് വിതച്ചത്, എന്നാല്‍ ദല്‍ഹി ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല,’ ടികായത് പറയുന്നു.
हम नहीं चाहते देश का प्रधानमंत्री माफी मांगे। हम उनकी प्रतिष्ठा विदेश में खराब नहीं करना चाहते। कोई फ़ैसला होगा तो बगैर किसानों की मर्ज़ी के भारत में फ़ैसला नहीं होगा। हमने ईमानदारी से खेत में हल चलाया लेकिन दिल्ली की कलम ने भाव देने में बेईमानी की ।#FarmersProtest
കാര്‍ഷിക നിയമങ്ങള്‍ തിരികെ പ്രാബല്യത്തില്‍ വരുമെന്നുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും, കര്‍ഷകര്‍ ഇതുവഴി പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കരുതിയാകണം ഇത്തരമൊരു പ്രസ്താവന തോമര്‍ നടത്തിയതെന്നും ടികായത് അഭിപ്രായപ്പെട്ടു.
നാഗ്പൂരില്‍ വെച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു തോമറിന്റെ പ്രസ്താവന. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമം കുറച്ചാളുകള്‍ക്ക് ഇഷ്ടപ്പെടാത്തതിനാല്‍ പിന്‍വലിക്കേണ്ടി വന്നു എന്നായിരുന്നു തോമര്‍ പറഞ്ഞത്. തങ്ങള്‍ ഒരുപടി പുറകോട്ട് വെക്കുന്നത് രണ്ടടി മുന്നോട്ട് ചാടാനാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കാര്‍ഷിക നിമയം തിരിച്ചുകൊണ്ടുവന്നേക്കുമെന്ന് തോമര്‍ സൂചന നല്‍കിയതിന് പിന്നാലെ അദ്ദേഹത്തിന് മറുപടിയുമായി അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ്) രംഗത്ത് വന്നിരുന്നു. കേന്ദ്രം രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് കുതിക്കുമെന്നായിരുന്നു എ.ഐ.കെ.എസ് നേതാവ് പി. കൃഷ്ണപ്രസാദ് പറഞ്ഞത്.
എന്നാല്‍ തന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി തോമറും രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിന് ഇത്തരമൊരു ചിന്ത ഉണ്ടായിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നുമാണ് തോമര്‍ പറഞ്ഞത്.
അഥവാ ഇത്തരമൊരു തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണെങ്കില്‍ ഇതിലും ശക്തമായി സമരരംഗത്തേക്കിറങ്ങുമെന്നും രാകേഷ് ടികായത് പറഞ്ഞു.
ഇതിന് പിന്നാലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.