ന്യൂദല്‍ഹി: തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷക സംഘടനായ സംയുക്ത കിസാന്‍ മോര്‍ച്ച. എത്രയും പെട്ടെന്ന് കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
‘കര്‍ഷക സമരത്തില്‍ പങ്കെടുത്ത 470 ലധികം കര്‍ഷകരാണ് ഇതുവരെ മരിച്ചത്. പലര്‍ക്കും ജോലി, വിദ്യാഭ്യാസം എന്നിവ ഉപേക്ഷിക്കേണ്ടിവന്നു. അന്നദാതാക്കളായ സ്വന്തം പൗരന്‍മാരോട് മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരുടെ ക്ഷേമമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ അംഗീകരിക്കണം. ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’, സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്രവും കര്‍ഷകരുമായി ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷക ബില്‍ പൂര്‍ണ്ണമായും പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ഇത് ഇരുപക്ഷത്തിനിടയിലും പ്രതിസന്ധികള്‍ രൂക്ഷമാക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകരോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക യൂണിയനുകള്‍ തയ്യാറായിരുന്നില്ല.
പിന്നീട് വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും നിയമം നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും കോടതി നിയമിച്ചിരുന്നു.
‘കഴിഞ്ഞ ആറുമാസമായി കര്‍ഷകര്‍ ഈ സമരം തുടങ്ങിയിട്ട്. ദുരിതപൂര്‍ണ്ണമായ തെരുവിലെ ഞങ്ങളുടെ ജീവിതത്തെപ്പറ്റി കേന്ദ്രത്തിന് യാതൊരു അനുകമ്പയുമില്ല’, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവനയില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Do Not Test Our Patience, Start Talks, Accept Demands Says Farmers’ Union