ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വോട്ട് ചെയ്‌തെങ്കിലും എന്‍.ആര്‍.സിയെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കി ബി.ജെ.ഡി. ഒഡിഷയില്‍ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി.
ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു. പക്ഷേ എന്‍.ആര്‍.സിയെ പിന്തുണയ്ക്കില്ല. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യം ബി.ജെ.ഡി എം.പിമാര്‍ വ്യക്തമാക്കിയതാണ്.
പൗരത്വ നിയമം വിദേശികളുമായി ബന്ധപ്പെട്ടതാണ്. പക്ഷേ എന്‍.ആര്‍.സി പൗരന്മാരുമായി ബന്ധപ്പെട്ടതാണ്. അഭ്യൂഹങ്ങളില്‍ വീഴരുത്. സമാധാനം പാലിക്കണം.’- അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണനെന്നാവശ്യപ്പെട്ട് ഇന്നലെ ഭുവനേശ്വറില്‍ റാലി നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതു പിന്‍വലിക്കണമെന്നും എഴുതി പ്ലക്കാര്‍ഡുകളാണു സമരത്തിലുണ്ടായിരുന്നത്.
എന്‍.ആര്‍.സി നടപ്പാക്കിയാല്‍ അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍ നേരത്തേ പറഞ്ഞിരുന്നു.
‘ബി.ജെ.പി കേന്ദ്രത്തിലിരിക്കുമ്പോള്‍ നമുക്കു മുന്നില്‍ വലിയൊരു വെല്ലുവിളിയാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, അവരെ പ്രകോപിപ്പിക്കുക, തീവെയ്ക്കുക, മുറിക്കുക, വിഭജിക്കുക, ഇതൊക്കെയാണ് അവരുടെ നയങ്ങള്‍. ഇതു രാജ്യത്തിനു വലിയ വെല്ലുവിളിയാണ്.
ഇന്നു രാജ്യം കത്തുകയാണ്. പല സംസ്ഥാനങ്ങളും കത്തുന്നുണ്ട്. അവിടെയൊക്കെ അക്രമങ്ങള്‍ നടക്കുകയാണ്. അവിടെയൊക്കെ വിദ്യാര്‍ഥികള്‍ക്കു നേരെ അവര്‍ മോശമായി പെരുമാറുന്നുണ്ട്, അവരെ ഉപദ്രവിക്കുന്നുണ്ട്. അവിടെ കൊല നടക്കുന്നുണ്ട്, കൊള്ളിവെപ്പ് നടക്കുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അസം മുഴുവന്‍ കത്തുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ ബംഗാളിലും ഉത്തര്‍പ്രദേശിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. തീ പോലെയാണ് അതു പടരുന്നത്. ഇതു തുടക്കമാണെന്നും തങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്നുമാണ് അമിത് ഷാ പറയുന്നത്.
എപ്പോഴാണ് അവരതു ചെയ്യുക? നിങ്ങള്‍ ആ രജിസ്റ്ററില്‍ ഒപ്പുവെച്ചാല്‍ എന്താണു സംഭവിക്കുക? നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ അത് സര്‍ട്ടിഫൈ ചെയ്യപ്പെടും. ഒരാള്‍ക്കൂ ഭൂമിയില്ലെങ്കില്‍, അയാള്‍ക്കു പ്രായമായെങ്കില്‍, അല്ലെങ്കില്‍ അയാള്‍ നിരക്ഷരനാണെങ്കില്‍, എങ്ങനെയാണ് അയാള്‍ ഇന്ത്യക്കാരനാണെന്നു തെളിയിക്കുക? അവര്‍ക്കു തെളിയിക്കാനായില്ലെങ്കില്‍ എങ്ങോട്ടാണ് അവരെ അയക്കുക?
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ എനിക്കു പറയാനുള്ളത് ഇതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിജി രജിസ്റ്റര്‍ ഒപ്പിടാന്‍ വിസ്സമതിച്ചിരുന്നു. അദ്ദേഹം അന്നു പ്രതിഷേധം രേഖപ്പെടുത്തി.
ഈ വേദിയില്‍ നിന്നു ഞാന്‍ പറയുകയാണ്, അവര്‍ എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ഞാനായിരിക്കും അതില്‍ ഒപ്പിടാതിരിക്കുന്ന ആദ്യ വ്യക്തി. എന്തിനാണു ഞാനൊരു ഇന്ത്യക്കാരനാണെന്നു തെളിയിക്കണം?’- അദ്ദേഹം ചോദിച്ചു.