| Tuesday, 5th February 2019, 5:05 pm

കനകദുര്‍ഗ വീട്ടില്‍ കയറുന്നത് തടയാന്‍ പാടില്ല; ഭര്‍ത്താവിന്റെ പേരിലുള്ള വീട് വില്‍ക്കാന്‍ പാടില്ലെന്നും കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാമെന്നും ആരും അവരെ തടയാന്‍ പാടില്ലെന്നും കോടതി. മലപ്പുറം പുലമന്തോള്‍ ഗ്രാമകോടതിയാണ് കനകദുര്‍ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കുന്നതിനും കുട്ടികള്‍ക്കൊപ്പം കഴിയാനുമുള്ള കനകദുര്‍ഗയുടെ അവകാശത്തെ തടയരുതെന്നും കോടതി ഉത്തരവിട്ടു. ഗാര്‍ഹിക പീഡന നിയമപ്രകാരം കഴിഞ്ഞ ദിവസമാണ് കനകദുര്‍ഗ പരാതി നല്‍കിയത്.

കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ട കോടതി, ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു.

Also Read ബി.ജെ.പി അടുത്തെങ്ങും കേരളം ഭരിക്കുകയില്ല” നിയമസഭയിൽ ഒ.രാജഗോപാൽ

തുടര്‍ന്ന് ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ച് കനകദുര്‍ഗ പരാതി നല്‍കുകയായിരുന്നു. നിലവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വനിതാ ഷെല്‍ട്ടറിലാണ് കനകദുര്‍ഗ താമസിക്കുന്നത്.

ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പൊലീസ് സംരക്ഷണത്തിലാണ് ദിവസങ്ങളായി കഴിഞ്ഞിരുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും ഇവര്‍ക്കു നേരെ ഉണ്ടായിരുന്നു. തുടര്‍ന്ന് കനകദുര്‍ഗ്ഗയും ബിന്ദുവും സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
DoolNews video

Latest Stories

We use cookies to give you the best possible experience. Learn more