കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും അതിനുള്ള തെളിവുകള്‍ നിലവിലില്ലെന്നും ഹൈക്കോടതി പറഞ്ഞു. കോടതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വിധിപ്രസ്താവത്തില്‍ പ്രതികരിച്ചു.
പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.
ആവശ്യപ്പെട്ട ഫോണുകള്‍ പ്രതി തന്നെ ഹാജരാക്കിയിട്ടുണ്ട്. ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹരണമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എങ്കില്‍ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് അറിയിച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.
അതേസമയം, കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി ദിലീപിന്റെ ആരാധകരുമെത്തി.
ദിലീപിന്റെ വീടിന് മുന്‍പില്‍ ലഡുവിതരണം ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്. അതേസമയം ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെയോ മറ്റ് പ്രതികളുടെയോ പ്രതികരണം വന്നിട്ടില്ല.
സത്യം ജയിച്ചു എന്നായിരുന്നു വിധി വന്നതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള പ്രതികരിച്ചത്. മറ്റ് പ്രതികരണങ്ങളൊന്നും അദ്ദേഹവും നടത്തിയിരുന്നില്ല.
CONTENT HIGHLIGHTS: Do not question court proceedings with half-baked facts; Details of the verdict on Dileep’s anticipatory bail