കൊച്ചി: അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ കണ്ണുകള്‍ ദാനം ചെയ്തു. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെയായിരിക്കണം എന്നതിന് അദ്ദേഹം സുഹൃത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനോടായിരുന്നു പി.ടി. തോമസ് ഇക്കാര്യം പറഞ്ഞത്.
വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഭാര്യ ഉമ തോമസ് അറിയാതെ അദ്ദേഹം ഡിജോയെ വിളിച്ചതും മരണാനന്തര ചടങ്ങുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നത്.
നവംബര്‍ 22നാണ് ഡിജോ കാപ്പനെ പി.ടി. തോമസ് ഫോണില്‍ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണമെന്നും ഡിജോയോട് പറഞ്ഞു.
പറയുന്ന കര്യങ്ങള്‍ വളരെ രഹസ്യമായി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ വേണം തന്നെ സംസ്‌കാരിക്കാന്‍. കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വെക്കാം. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമ്പോള്‍ റീത്ത് വെക്കാന്‍ പാടില്ല. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം പൊതുദര്‍ശനത്തിനിടെ ശാന്തമായി കേള്‍പ്പിക്കണം. തന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വെക്കാം എന്നിങ്ങനെയായിരുന്നു നിര്‍ദേശങ്ങള്‍.
കൃത്യം ഒരുമാസം മുമ്പാണ് ഈ ഫോണ്‍ സംഭാഷണം നടന്നത്. 2014 ല്‍ ഒരു ട്രെയില്‍ യാത്രയ്ക്കിടെയാണ് പി.ടിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടാകുന്നത്. അന്ന് കൂടെ യാത്ര ചെയ്തിരുന്നയാളുടെ സമയോചിത ഇടപെടലായിരുന്നു പി.ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.
പിന്നീടാണ് അദ്ദേഹം അര്‍ബുദ ബാധിതനാകുന്നത്. പി.ടിയുടെ ആഗ്രഹം പോലെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് പാര്‍ട്ടി സംഘടന ചുമതലയുള്ള എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.
അര്‍ബുദ രോഗ ബാധിതനുമായിരുന്ന പി.ടി. തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വെച്ച് രാവിലെ 10.15 നായിരുന്നു മരിച്ചത്.
തൃക്കാക്കര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ നിയമസഭാംഗമായി. ഇടുക്കിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗവുമായിട്ടുണ്ട്. വീക്ഷണം എഡിറ്ററായും മാനേജിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സംഘടനയുടെ കോളജ് യൂണിയന്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 80 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1991, 2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി.
1996ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ ഉമാ തോമസ്. മക്കള്‍ വിഷ്ണു, വിവേക്.