Daily News
വന്യജീവികളെ സ്‌നേഹിക്കുന്നെങ്കില്‍ ദയവുചെയ്ത് അവയുടെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യല്ലേ; അഭ്യര്‍ത്ഥനയുമായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 22, 06:20 am
Thursday, 22nd June 2017, 11:50 am

തിരുവനന്തപുരം: വന്യജീവികളെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ദയവുചെയ്ത് അവയുടെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അഭ്യര്‍ത്ഥന.

വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ ചിത്രങ്ങള്‍ ജിയോ ടാഗിങ് സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നത് വേട്ടക്കാരെ അവിടേക്ക് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് അതോറിറ്റി പറയുന്നു.

അതുകൊണ്ട് തന്നെ വന്യജീവികളുടെ ചിത്രമെടുത്ത് സ്ഥലസൂചകങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യരുതെന്നാണ് ഫോട്ടോഗ്രാഫര്‍മാരോടും ഗവേഷകരോടും അതോറിറ്റി അഭ്യര്‍ത്ഥിക്കുന്നത്.


Dont Miss ഖത്തറിനെതിരായ ഉപരോധത്തില്‍ നിഗൂഢതയുണ്ട്; സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കണമെന്ന് യു.എസ്


ഒരിക്കലും ഇതിനെ നിയമപരമായ വിലക്കായി കാണരുതെന്നും വന്യജീവികളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള അഭ്യര്‍ത്ഥനയാണെന്നും കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ മേധാവികള്‍ക്കും സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ക്കും അയച്ച കത്തില്‍ അതോറിറ്റി പറയുന്നു.

മഴക്കാലം ആരംഭിച്ചതോടെ വന്യജീവി സങ്കേതങ്ങളിലേക്കും മറ്റുമായി യാത്ര നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകഴിഞ്ഞു. യാത്രനടത്തുന്നതോടൊപ്പം മൃഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുന്നതും ഇപ്പോള്‍ സര്‍വസാധാരണമായി കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ഇതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി വേള്‍ഡ് കമ്മീഷന്‍ ഓഫ് പ്രൊട്ടക്ടഡ് ഏരിയാസ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ എന്നിവയില്‍ അംഗമായ മോഹന്‍ അമ്പലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും സന്ദേശമയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യര്‍ത്ഥനയുമായി കടുവ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയത്.

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ മലേഷ്യയിലെ സബാ പ്രവിശ്യയിലെ രണ്ടു കുള്ളന്‍ ആനകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈകാതെ തന്നെ ഇവയെ കള്ളവേട്ടക്കാര്‍ വെടിവെച്ചു കൊന്നിരുന്നു. ഇത്തരം വന്യജീവികളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ സ്ഥല സൂചകങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ കണ്‍സര്‍വേഷന്‍ ബയോളജിയുടെ പുതിയക്കത്തില്‍ കാനഡയിലെ ഓട്ടവ കാര്‍ലെട്ടന്‍യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സ്റ്റീവന്‍ കുക്ക് ആവശ്യപ്പെടുന്നുണ്ട്.