| Wednesday, 25th September 2024, 7:51 pm

കോടതികളില്‍ ലിംഗങ്ങളെയോ സമുദായങ്ങളെയോ മുന്‍വിധിയോടെ വിലയിരുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുത്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതികളില്‍ ലിംഗങ്ങളെയോ സമുദായങ്ങളെ മുന്‍വിധിയോടെ വിലയിരുത്തുന്ന പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുതെന്നും മുന്‍വിധിയോടെ കാണുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നുമാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.

കര്‍ണാടക ഹൈക്കോടതി ജഡ്ജി ബെംഗളൂരുവിലെ മുസ്‌ലിം വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്നാക്ഷേപിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ നടപടികള്‍ (സുവോ മോട്ടോ) വിലയിരുത്തുകയും കര്‍ണാടക ഹൈക്കോടതി ജഡ്ജി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. വിവാദപരാമര്‍ശത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ അവസാനിപ്പിക്കുന്നതിനിടെയാണ് നിലവില്‍ ജഡ്ജിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

നേരത്തെ കര്‍ണാടക ഹൈക്കോടതി ജഡ്ജി ശ്രീശാനന്ദ വനിതാ അഭിഭാഷകക്കെതിരെയും ബെംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തിനെതിരെയും നടത്തിയ പരാമര്‍ശത്തിലും സുപ്രീംകോടതി സുവോ മോട്ടോ എടുക്കുകയും പരാമര്‍ശങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സ്‌പെഷ്യല്‍ ബെഞ്ചാണ് രണ്ട് പരാമര്‍ശങ്ങളും വിലയിരുത്തിയത്.

ഇത്തരത്തില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ കോടതികളില്‍ ഉപയോഗിക്കരുതെന്നും വിധി പ്രസ്താവനകളില്‍ ഉള്‍പ്പെടെ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സമുദായങ്ങള്‍ക്കെതിരെയോ സ്ത്രീകള്‍ക്കെതിരെയോ നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യക്തികള്‍ക്കോ സമുദായങ്ങള്‍ക്കോ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ജുഡീഷ്യല്‍ നടപടികളില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയും സമുദായങ്ങള്‍ക്കെതിരെയും നടത്തുന്ന പരാമര്‍ശങ്ങള്‍ ജഡ്ജിമാരിലുള്ള വിശ്വാസ്യതയെ മാത്രമല്ല, നീതി ന്യായ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെന്ന് വിളിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയരാന്‍ ഈ വിവാദം കാരണമായെന്നും കോടതി പറഞ്ഞു.

വിവാദപരാമര്‍ശങ്ങള്‍ നടത്തിയ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ശ്രീശാനന്ദയോട് വിശദീകരണം തേടിയതായും സെപ്തംബര്‍ 28ന് രജിസ്ട്രാര്‍ ജനറലിന്റെ റിപ്പോര്‍ട്ടിന് അടിസ്ഥാനമായി നടപടിക്രമങ്ങള്‍ ഉണ്ടാവുമെന്നും കോടതി പറഞ്ഞു.

അതേസമയം പരാമര്‍ശങ്ങള്‍ മനപൂര്‍വ്വമല്ലെന്നും ഏതെങ്കിലും വിഭാഗത്തിന്റെയോ വ്യക്തികളുടെയോ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഇവ കാരണമായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ശ്രീശാനന്ദ പറഞ്ഞിരുന്നു.

Content Highlight: Do not make prejudicial remarks against gender or communities in court: SUPREME COURT

We use cookies to give you the best possible experience. Learn more