സ്പീഡ് ക്യാമറയിലെ ദൃശ്യം വെച്ച് ട്രാഫിക് പിഴ ഈടാക്കരുത്; ഹൈക്കോടതിയുടെ സ്റ്റേ
Kerala News
സ്പീഡ് ക്യാമറയിലെ ദൃശ്യം വെച്ച് ട്രാഫിക് പിഴ ഈടാക്കരുത്; ഹൈക്കോടതിയുടെ സ്റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd November 2020, 7:55 am

കൊച്ചി: ട്രാഫിക് പൊലീസ് റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ വച്ച് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന രീതിക്ക് ഹൈക്കോടതിയുടെ വിലക്ക്.

അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴ ഈടാക്കുന്നത് കോടതി തടഞ്ഞത്. വേഗപരിധി സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുകയും അമിത വേഗത്തിന് പിഴ ഈടാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ചോദ്യം ചെയ്തുകൊണ്ട് ലഭിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പൊലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ മോട്ടോര്‍ വാഹന ചട്ടമനുസരിച്ച് പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നിയമം. എന്നാല്‍ നിലവില്‍ കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കുറവാണ്.

ഡ്രൈവര്‍മാര്‍ക്ക് പരമാവധി വേഗതയെ കുറിച്ച് കൃത്യമായ വിവരമില്ലാതിരിക്കുകയും എന്നാല്‍ വാഹനങ്ങള്‍ ഓടുന്നതിനിടെ റോഡുകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറകളില്‍ പതിഞ്ഞ ചിത്രം വെച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുകയുമാണ് ചെയ്യുന്നതെന്നാണ് ഹരജിക്കാരനായ സിജു കമലാസനന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.