| Wednesday, 8th December 2021, 10:49 am

വഖഫ് ബോര്‍ഡ് നിയമനം; ലീഗിന്റെ ദുശ്ശാഠ്യത്തിന് വഴങ്ങരുത്: കാസിം ഇരിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനത്തില്‍ മുസ്‌ലിം ലീഗിന്റെ ദുശ്ശാഠ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ബോര്‍ഡിനെ നവീകരിക്കാനുതകുന്ന പരിഷ്‌കരണവുമായി മുന്നോട്ട് പോവണമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് അനുയായികളെ പിടിച്ചു നിര്‍ത്താനാണ് മതവികാരം ഉണര്‍ത്തുന്നതെന്നും ലീഗ് സര്‍ക്കാരിനെതിരെ തുടങ്ങിവെച്ച സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ചായക്കോപ്പയിലെ കൊടുങ്കാറ്റായി പരിണമിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തില്‍ നിന്ന് മാറിനിന്ന സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് കേരള മുസ്‌ലിം സമൂഹത്തിന്റെ പൂര്‍ണ പിന്തുണയും അര്‍ഹിക്കുന്നുണ്ടെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനോടുള്ള വിരോധവും തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ രൂപംകൊണ്ട അവിശുദ്ധ കൂട്ടുകെട്ടുമാണ് വഖഫിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫിന്റെ പേരില്‍ കലാപമുണ്ടാക്കുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും കാസിം പറഞ്ഞു. ഇടതുപക്ഷം ന്യൂനപക്ഷമാണെന്ന് വരുത്തിതീര്‍ക്കാനാണ് ബി.ജെ.പിയും ലീഗും ശ്രമിക്കുന്നതെന്നും ഇരിക്കൂര്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനും ബോര്‍ഡിലുള്ള ലീഗിന്റെ സ്വാധീനം ഇല്ലാതാക്കാനും പുതിയ നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോവുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യുമെന്നും പി.എസ്.സിക്ക് നിയമനം വിടുന്നതിലൂടെ മുസ്‌ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Do not give in to the stubbornness of the league; kasim irikkoor

We use cookies to give you the best possible experience. Learn more