ന്യൂദല്‍ഹി: ദല്‍ഹിയില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ആക്രമണത്തെ അപലപിച്ച കോണ്‍ഗ്രസ് കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കണമെന്നും പറഞ്ഞു.
‘ഇത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയും ഇന്ത്യയാണ്. മനസാക്ഷിയില്ലാത്ത ഈ ആക്രമണങ്ങളെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ കഴിയുക? സാമുദായിക ഐക്യം നിലനിര്‍ത്തണമെന്നും മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കണമെന്നും കോണ്‍ഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുകയാണ്’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെയാകമാനം ഞെട്ടിക്കുന്ന സംഭവങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ മൂന്നാം ദിവസവും തുടരുന്ന ആക്രമണ സംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതരിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവെച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ദല്‍ഹി മുഖ്യമന്ത്രിയോടും ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ നേതാക്കളാവുകയല്ല, മറിച്ച് സമാധാനം പുലര്‍ത്താനും ആക്രമണങ്ങളെ ചെറുക്കാനും ഉതകുന്ന സമൂഹത്തിന്റെ നേതാക്കളാവുകയാണ് വേണ്ടത്’, സുര്‍ജേവാലെ പറഞ്ഞു.