വത്തിക്കാന്‍ സിറ്റി: ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെ വിമര്‍ശിച്ച് വത്തിക്കാന്‍ നയതന്ത്രജ്ഞന്‍. ഫലസ്തീനികളെ അവിടെ തന്നെ തുടരാന്‍ അനുവദിക്കണമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയാട്രോ പരോളിന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ നാടുകടത്തലില്ലെന്നും ഇത് അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒന്നാണെന്നും വ്യാഴാഴ്ച റോമില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഗസയില്‍ ജനിച്ചവരെല്ലാം അവരുടെ നാട്ടില്‍ തന്നെ തുടരേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞതായി വത്തിക്കാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫലസ്തീന്‍-ഇസ്രഈല്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് വത്തിക്കാന്‍ ദീര്‍ഘകാലമായി പറയുന്ന ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ് ആവശ്യമെന്നും പരോളില്‍ പറഞ്ഞു.
ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയായിരുന്നു ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്ട്രംപ് രംഗത്തെത്തിയത്. ഫലസ്തീനികളെ അയല്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ഗസ വാസയോഗ്യമായ ഇടമല്ലെന്നും ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
അമേരിക്ക ഗസ പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമേരിക്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ സൗദിയും ഖത്തറും യു.എ.ഇയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഈ ആവശ്യത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ട്രംപിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.
Content Highlight: Do not evict Palestinians from Gaza; Should be allowed to stay there: Vatican diplomat