'പാലാരിവട്ടം പാലം പൊളിക്കരുത് '; എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍
Kerala
'പാലാരിവട്ടം പാലം പൊളിക്കരുത് '; എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 10:21 am

കൊച്ചി: വിദഗ്ധ പരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐ.ഐ.ടിയിലെ വിദഗ്ധ സംഘം പാലത്തിന് അറ്റകുറ്റ പണിമതിയെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇ. ശ്രീധരന്റെ വാക്ക് വിശ്വസിച്ച് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ നിര്‍മ്മാണത്തിലെ തകരാറും ബലക്ഷയവും കണ്ടെത്തിയ പാലാരിവട്ടം പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരനെ തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

നിര്‍മാണത്തിലെ പ്രശ്‌നങ്ങളടക്കം പാലം പൊളിച്ചു പണിയേണ്ട അവസ്ഥക്ക് ഇടയാക്കിയ സാഹചര്യങ്ങള്‍ ഇ. ശ്രീധരന്‍ വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുന്ന വിധത്തില്‍ സാങ്കേതിക മികവോടെയുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ പണി തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് വ്യക്തമാക്കി ഇ. ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും ഒരു മാസത്തിനകം ജോലികള്‍ തുടങ്ങുമെന്നും പൊളിക്കലും, പുനര്‍ നിര്‍മാണവും സമാന്തരമായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Palarivattam Brigde Engineers-Association Filed Petition On Highcourt