ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം രൂക്ഷമായ അസമില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും പ്രതിഷേധം നടത്താനൊരുങ്ങുന്നു.
ജനുവരി 10ന് ഗുവാഹട്ടിയില്‍ നടക്കുന്ന ഖേലോ ഇന്ത്യയുടെ ഉദ്ഘാടന ചടങ്ങിന് നരേന്ദ്ര മോദി എത്താനിരിക്കെ വന്‍ ജനകീയ പ്രക്ഷോഭത്തിന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ [ആസു] ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി അസമിലേക്ക് എത്തുന്നത്.
മോദി ഗുവാഹട്ടിയില്‍ എത്തുന്നു എന്ന കാര്യത്തില്‍ ഉറപ്പുലഭിച്ചതിനു ശേഷം സമര പരിപാടികളെ പറ്റി വിശദമാക്കാമെന്നും പൗരത്വ നിയമത്തിനു് ശേഷം ആദ്യമായി അസമിലെത്തുന്ന മോദിക്ക് വന്‍ ജനരോഷമായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്നും ആസു പ്രസിഡന്റ് ദിപങ്കര്‍ കുമാര്‍ നാഥ് വ്യക്തമാക്കി.
ഒപ്പം പ്രതിഷേധത്തില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചു വിടാനുള്ള കേന്ദ്ര നീക്കത്തെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആസു പാര്‍ട്ടി ഉപദേഷ്ഠാവായ സമുജ്ജല്‍ കുമാര്‍ ഭട്ടാചാര്യ അറിയിച്ചു.
ജനങ്ങളുടെ പരാതികള്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെവികൊടുക്കാത്തത് ഖേദകരമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞങ്ങള്‍ വിദേശികളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്നില്ല. 1971 മാര്‍ച്ച് 24 ന് ശേഷം അസമിലെത്തിയ എല്ലാവരെയും പുറത്താക്കണം. അസമിലുള്ളതിലത്രയും വിദേശികളെ മറ്റൊരു സംസ്ഥാനവും വഹിക്കുന്നില്ലെന്ന കാര്യം മോദി മനസ്സിലാക്കണം’, സമുജ്ജല്‍ കുമാര്‍ ഭട്ടാചാര്യ പറഞ്ഞു.