മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കയ്യില്‍ നിന്ന് സാധനം വാങ്ങില്ല; അവരെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ല; വിവാദ പ്രതിജ്ഞയുമായി ബി.ജെ.പി- വി.എച്ച്.പി
national news
മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കയ്യില്‍ നിന്ന് സാധനം വാങ്ങില്ല; അവരെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ല; വിവാദ പ്രതിജ്ഞയുമായി ബി.ജെ.പി- വി.എച്ച്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th April 2023, 8:20 pm

റായ്പൂര്‍: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കില്ലെന്ന പ്രതിജ്ഞയുമായി ബി.ജെ.പി- വി.എച്ച്.പി നേതാക്കള്‍. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ ജില്ലയിലാണ് മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയെടുത്തത്. നൂറുക്കണക്കിനാളുകള്‍ അണിനിരന്ന പ്രതിജ്ഞയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘മുസ്‌ലിങ്ങളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല. ഭൂമി വില്‍ക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല.

മുസ്‌ലിം അല്ലെങ്കില്‍ ക്രിസ്ത്യന്‍ കടയുടമയില്‍ നിന്ന് ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്‌ലിംങ്ങള്‍ക്കോ ക്രിസ്ത്യാനിക്കോ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യില്ല. ഇതിനകം വാടകക്ക് നല്‍കിയ സ്ഥലങ്ങള്‍ ഞങ്ങള്‍ തിരികെ എടുക്കും. ഞങ്ങള്‍ ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കില്ല.

മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ഞങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ല,’ എന്ന പ്രതിജ്ഞയാണ് നടുറോട്ടില്‍ അണിനിരന്ന് കൊണ്ട് ഇരു പാര്‍ട്ടിക്കാരും ഏറ്റു ചൊല്ലിയത്.

ഛത്തീസ്ഗഡിലെ ബെമെതാരയിലെ ബിരാന്‍പൂര്‍ ഗ്രാമത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞ സംഘടിപ്പിച്ചത്.

വിശ്വഹിന്ദു പരിഷത്തിന്റെ ബസ്തര്‍ തലവന്‍ മുകേഷ് ചന്ദക്കാണ് സത്യവാചകം ചൊല്ലിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഉള്‍പ്പെടുന്നവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കുമെന്നത് എല്ലാ ഹിന്ദുക്കളും ഏറ്റെടുത്ത തീരുമാനമാണെന്നും ഈ ദൗത്യം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ലഖിധര്‍ ബാഗേല്‍ പറഞ്ഞു.

അതേസമയം പരിപാടിക്കെതിരെ റാസ യൂണിറ്റി ഫൗണ്ടേഷന്‍ രംഗത്തെത്തി. വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഭരണഘടനയെ പരസ്യമായി എതിര്‍ക്കുകയാണെന്നും പൊലീസും ഭരണകൂടവും നോക്കുകുത്തിയാണെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

content highlight:  Do not buy goods from the hands of Muslims and Christians; They are not allowed in the villages; BJP-VHP with controversial pledge