സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
Kerala
സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2014, 6:25 pm

[]തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിക്കാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്.

തനിക്ക് യു.ഡി.എഫ് സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തന്നോട് ചര്‍ച്ച ചെയ്തതായി ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇന്നലെ രൂപതയുടെ ആസ്ഥാനത്ത് എത്തിയാണ് കണ്ണന്താനം ബിഷപ്പിനെ സന്ദര്‍ഷിച്ചിരുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രശനത്തില്‍ ഇടുക്കി രൂപതയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയ ഇടുക്കി എം.പി പി.ടി തോമസിനെതിരെ, സഭയുടെ അടുപ്പം പുലര്‍ത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തി നേട്ടം കൊയ്യാനായിരുന്നു ബി.ജെ.പി പദ്ധതി.

2004 ല്‍ ബി.ജെ.പിയുടെ പിന്തുണയോടെയാണ് പി.സി തോമസ് ജയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഇടുക്കി സീറ്റും വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ തങ്ങളുടെ സിറ്റിങ് സീറ്റായ ഇടുക്കി വിട്ടു കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നാണ് സൂചന.