| Sunday, 16th June 2019, 9:12 am

'ആരും പങ്കെടുക്കരുത്, യോഗം വിളിക്കാനുള്ള അധികാരം എനിക്ക്'; കേരളാ കോണ്‍ഗ്രസ് എം സാമാജികര്‍ക്ക് ജോസഫിന്റെ ഇ-മെയില്‍ സന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പിന് മുന്നോടിയായി ഇന്ന് ജോസ് കെ. മാണി വിളിച്ചു ചേര്‍ക്കുന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും പി.ജെ ജോസഫിന്റെ ഇ-മെയില്‍ സന്ദേശം. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന സമിതി യോഗം വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് മെയിലില്‍ പറഞ്ഞു. താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാനും ജോസഫ് വിഭാഗത്തില്‍ തീരുമാനമായിരുന്നു. ഉച്ചയ്ക്കു രണ്ടിന് കോട്ടയം സി.എസ്.ഐ ഹാളില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തിലെടുക്കുന്ന തീരുമാനമാകും രണ്ടിലയുടെ ഭാവി നിര്‍ണ്ണയിക്കും. മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തേക്കില്ല.

ജോസ് കെ. മാണിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇന്നലെ ജോസഫ് കുറ്റപ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരം വര്‍ക്കിങ് ചെയര്‍മാനുമാത്രമാണെന്നും ജോസഫ് പറഞ്ഞു.

യോഗത്തിന്റെ അജന്‍ഡ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

ചെയര്‍മാന്റെ മുറിയില്‍ കെ.എം. മാണിയുടെ കസേരയില്‍ ഇരുന്നാണ് ഇന്നലെ ജോസ് കെ. മാണി ചര്‍ച്ച നടത്തിയത്. പിന്നീട് അവയിലബിള്‍ സ്റ്റീയറിങ് കമ്മിറ്റിയും ചേര്‍ന്നു. തോമസ് ചാഴികാടന്‍, എം.എല്‍.എമാരായ റോഷി അംഗസ്റ്റിന്‍, എന്‍. ജയരാജ്, നേതാക്കളായ പി.ടി. ജോസ്, ജോസഫ് പുതുശേരി, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവരും ഓഫിസിലുണ്ടായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഓഫിസുകള്‍ക്കു പൊലീസ് കാവലുണ്ട്. ജോസഫ് വിഭാഗം കോടതിയില്‍ പോയി സ്റ്റേ വാങ്ങാതിരിക്കാനാണു പ്രഖ്യാപനം വൈകിട്ടാക്കിയത്. ചെയര്‍മാന്‍ പദവിക്കുവേണ്ടി ജോസഫ്, ജോസ് പക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയ ശേഷമുണ്ടാകുന്ന ഏറ്റവും നിര്‍ണായക നീക്കമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more