ന്യൂദല്‍ഹി: സുദര്‍ശന്‍ ടി.വിക്കെതിരായി സുപ്രിംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുതെന്ന് കേസില്‍ കക്ഷി ചേര്‍ന്നുകൊണ്ടുള്ള അപേക്ഷയില്‍ ശശി കുമാര്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 19 പ്രകാരമുളള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിക്കരുത്. സെക്ഷന്‍ 153 പ്രകാരം ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതും അവ സംപ്രേക്ഷണം ചെയ്യുന്നതും കുറ്റകരമാണെന്നും ശശി കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മതസ്വാതന്ത്ര്യത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ മറവില്‍ ഒരു കുറ്റകൃത്യത്തിന് തുല്യമായ ഒരു പ്രസംഗത്തെ ന്യായീകരിക്കാന്‍ സംസ്ഥാനത്തിനോ സ്വകാര്യ വ്യക്തികള്‍ക്കോ സാധ്യമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമ്പോള്‍ മാത്രമല്ല, ഭരണഘടനയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വിദ്വേഷപ്രചാരണത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ് ‘ എന്ന് കോടതിയില്‍ ശശി കുമാറിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
നേരത്തെ സുദര്‍ശന്‍ ന്യൂസ് ടി.വിയിലെ പ്രോഗ്രാമില്‍ വന്ന മുസ്ലിം വിരുദ്ധ പരാമര്‍ശം ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചാനലിനു ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ 28 നകം സുദര്‍ശന്‍ ടി.വി നോട്ടീസിന് മറുപടി നല്‍കണം. സുദര്‍ശന്‍ ടി.വിയില്‍ മുസ്ലിങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാരോപിക്കുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചാനല്‍ മനപൂര്‍വ്വം മുസ്ലിങ്ങളെ അധിക്ഷേപിക്കാന്‍ ശ്രമം നടത്തുകയാണ് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും കേന്ദ്രമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്,’ കോടതി പറഞ്ഞു.
ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നായിരുന്നു സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ പരാമര്‍ശം.
ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിക്കുന്നു.
ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക