കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരായി വലിയ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
നിരവധി പേരാണ് ഇതിനകം ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. ഇപ്പോള്‍ നടന്‍ പൃഥ്വിരാജും ലക്ഷദ്വീപില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപെന്നും അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതി.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നുപോയ ഒരു വിനോദയാത്രയില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ ദ്വീപുകളെ കുറിച്ച് താന്‍ അറിയുന്നതെന്നും ലക്ഷദ്വീപിനെ കുറിച്ചുള്ള തന്റെ മനോഹരമായ ആദ്യത്തെ ഓര്‍മ്മ അതാണെന്നും പൃഥ്വിരാജ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷം, സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് പോയ ക്രൂവിന്റെ ഭാഗമായിരുന്നു താനെന്നും കവരത്തിയില്‍ രണ്ട് മാസത്തോളം തങ്ങള്‍ താമസിച്ചെന്നും ഒപ്പം ജീവിതകാലം മുഴുവന്‍ കൂടെക്കൂട്ടാവുന്ന ഓര്‍മ്മകളും സൗഹൃദങ്ങളും അവിടെ നിന്നും ലഭിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണത്തിനായി വീണ്ടും ലക്ഷദ്വീപിലേക്ക് പോയി.ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ സീക്വന്‍സുകള്‍ അവിടെ നിന്നും എടുത്തു. അങ്ങേയറ്റത്തെ സ്‌നേഹമുള്ള ഹൃദയവിശാലതയുള്ള അവിടുത്തെ ആളുകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഇവയൊന്നും തനിക്ക് സാധ്യമാകുമായിരുന്നില്ല.
കഴിഞ്ഞ കുറച്ച് ദിവസമായി അവിടെ എനിക്ക് അറിയുന്നവരും അറിയാത്തവരുമായ ഒരുപാടാളുകള്‍ നിരാശയോടെ സന്തേശമയക്കുകയാണ്. അവിടെ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ എത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചും ചിലപ്പോഴൊക്കെ യാചിച്ചുമാണ് ആ സന്ദേശങ്ങള്‍.
ഞാന്‍ ദ്വീപുകളെക്കുറിച്ച് ഉപന്യാസമെഴുതാനോ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ എത്രമാത്രം വിചിത്രമാണെന്ന് വിവരിക്കാനോ പോകുന്നില്ല. അതേക്കുറിച്ച് വായിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവയെല്ലാം ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എനിക്ക് ഉറപ്പുള്ള ഒന്നുണ്ട്, എനിക്കറിയാവുന്ന ദ്വീപ് നിവാസികളോ ഞാനുമായി സംസാരിച്ച അവിടുത്തെ ആളുകളോ ഇപ്പോള്‍ അവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒട്ടും സന്തോഷ്ടരല്ല.
ഭുമിക്കുവേണ്ടിയല്ല ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് എല്ലാ നിയമങ്ങളും പരിഷ്‌കരണങ്ങളും ഭേദഗതികളും വരുത്തേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തികളോ അല്ല രാജ്യം, സംസ്ഥാനം, കേന്ദ്രഭരണപ്രദേശം എന്നീ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നത് മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്.
നൂറ്റാണ്ടുകളായി സമാധാനപരമായി ജീവിച്ചുപോന്ന ഒരു ജനതയുടെ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെയാണ് പുരോഗതിയുടെ ഭാഗമായി മാറുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.
വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെയൊന്നും പരിഗണിക്കാതെ വളരെ ലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയേയും സന്തുലിതാവസ്ഥയെയും തകര്‍ത്തുകൊണ്ട് എങ്ങനെയാണ് സുസ്ഥിര വികസനത്തിന് വഴിയൊരുക്കുക. നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, അതിനേക്കാള്‍ നമ്മുടെ ജനങ്ങളില്‍ വിശ്വാസമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട ഒരു അതോറിറ്റിയുടെ നിലപാടില്‍ ഒരു ജനത മുഴുവന്‍ അസംതൃപ്തരായിരാകുമ്പോള്‍ അത് അവര്‍തന്നെ ലോകത്തിന്റെയും അവരുടെ ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍ നടപടിയെടുക്കുകയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് അധികാരികള്‍ ദയവായി ലക്ഷദ്വീപ് ജനതയുടെ ആശങ്കയ്ക്ക് ചെവികൊടുക്കണം. അവരുടെ സ്ഥലത്തിന് എന്താണ് നല്ലതെന്ന് തിരിച്ചറിയാന്‍ അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കൂ.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്, അതിലും മനോഹരമായ ആളുകളാണ് അവിടെ താമസിക്കുന്നത്, പൃഥ്വിരാജ് പറഞ്ഞു.