മധ്യപ്രദേശ് കോണ്‍ഗ്രസില്‍ കമല്‍നാഥ്- ജ്യോതിരാധിത്യ സിന്ധ്യ പോര് വീണ്ടും മുറുകുന്നു. സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷകരെ തെരുവില്‍ നിരത്തുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാധിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ്.
സിന്ധ്യയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് അദ്ദേഹമത് ചെയ്തു കാണിക്കട്ടെ എന്നാണ് കമല്‍നാഥിന്റെ മറുപടി. കര്‍ഷടകരുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടിയായി അവരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നായിരുന്നു സിന്ധ്യ ഉയര്‍ത്തിയ വാദം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
‘കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് കഴിയില്ല. എന്തെങ്കിലും വാഗ്ദാനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് പാലിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. അതല്ലെങ്കില്‍ ഞങ്ങള്‍ തെരുവുകളിലേക്കിറങ്ങും’, സിന്ധ്യയുടെ വെല്ലുവിളി ഇങ്ങനെയായിരുന്നു.
കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതില്‍ കാലതാമസമുണ്ടാകുന്നതിന് കാരണം സംസ്ഥാനത്ത് നിലവിലുള്ള വിഷമഘട്ടം മറികടക്കാന്‍ കഴിയാത്തുകൊണ്ടാണെന്ന് സിന്ധ്യയുടെ വിമര്‍ശനത്തിന് പിന്നാലെ മന്ത്രി ഗോവിന്ദ് സിങ് അറിയിച്ചിരുന്നു.
2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഡ്ഗ്രസ് ഭരണത്തിലേറിയതിന് പിന്നാലെ തന്നെ കമല്‍നാഥും ജോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള ചേരിപ്പോരുകളും ആരംഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ ഗുണ മണ്ഡലത്തില്‍നിന്ന് മത്സരിച്ചിരുന്നെങ്കിലും ബി.ജെ.പിയുടെ കൃഷ്ണ പാല്‍ സിങ് യാദവിനോട് പരാജയപ്പെടുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ