ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേരിനോട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ആദ്യം സംശയങ്ങളുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് എങ്ങനെയാണ് നല്‍കാന്‍ സാധിക്കുകയെന്ന സംശയം നിതീഷ് കുമാര്‍ ചര്‍ച്ചയ്ക്കിടയില്‍ ഉന്നയിച്ചിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയും എന്‍.ഡി.എയും ഒരുപോലെ തോന്നുമെന്നും നിതീഷിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയെന്ന (I.N.D.I.A) പേരിലെ എന്‍.ഡി.എ (N.D.A) എന്ന അക്ഷരങ്ങള്‍ക്കിടയില്‍ ഐ വരുന്നത് കൊണ്ട് പ്രശ്‌നമുണ്ടാകില്ലെന്ന് മറ്റുള്ളവര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ മെയ്ന്‍ ഫ്രണ്ട്, ഇന്ത്യ മെയ്ന്‍ അലയന്‍സ് എന്നീ പേരുകളാണ് നിതീഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നത്. സേവ് ഇന്ത്യ, വി ഫോര്‍ ഇന്ത്യ എന്നീ പേരുകളാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ പാര്‍ട്ടികളും ഇന്ത്യ എന്ന പേരിനെ പിന്തുണക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ഈ പേര് അംഗീകരിക്കുകയാണെങ്കില്‍ കുഴപ്പമില്ലെന്ന് നിതീഷ് പറയുകയായിരുന്നു.
ഇന്ത്യ എന്ന പേരിലെ ഡി ഏതിനെ പ്രതിപാദിക്കുമെന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഡെമോക്രാറ്റിക് എന്ന് നല്‍കിയാല്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനോട് തുല്യമാകില്ലെയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ട് പേരുകളിലും വ്യത്യസ്തത വരാന്‍ വേണ്ടി ‘ഡി’ ഡെവലപ്‌മെന്റലാക്കാമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ പലരും ‘ഡി’യെ ഡെമോക്രാറ്റിക്കായായിരുന്നു ഉപയോഗിച്ചത്. ഇത് ബി.ജെ.പിയുടെ പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പുതിയ സഖ്യത്തിന്റെ കണ്‍വീനറായി നിതീഷ് കുമാറിനെ നിര്‍ദേശിക്കാത്തതിനാലാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കാതിരുന്നതെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയും ആരോപിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇന്ത്യ എന്ന പേര് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ പോരാട്ടം ഇന്ത്യയും എന്‍.ഡി.എയും തമ്മിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും ചോദിച്ചു.
പേരിന് പിന്നാലെ ഇന്ത്യ വിജയിക്കും (ജീതേഗാ ഭാരത്-India will win) എന്ന ടാഗ് ലൈനും പ്രതിപക്ഷ സഖ്യത്തിന് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന് ഹിന്ദി ടാഗ്ലൈന്‍ വേണമെന്ന ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീതേഗ ഭാരത് എന്ന ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്.
സഖ്യത്തിന്റെ പേരില്‍ ഭാരത് എന്ന് ചേര്‍ക്കണമെന്ന ചര്‍ച്ചയുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് ടാഗ് ലൈനില്‍ ഭാരതം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ 26 പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.
അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ച് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.
content highlights: Do ‘I.N.D.I.A’ and ‘N.D.A’ sound the same? Nitish with doubts; and others away