ആസിഫ് അലി സിനിമകൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നുണ്ടോ; മറുപടിയുമായി താരം‌
Film News
ആസിഫ് അലി സിനിമകൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നുണ്ടോ; മറുപടിയുമായി താരം‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th September 2023, 1:51 pm

തന്റെ സിനിമകൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നുണ്ടെന്ന ചീത്തപ്പേര് തനിക്കുണ്ടായിരുന്നെന്ന് നടൻ ആസിഫ് അലി. തിയേറ്ററിൽ പോയി ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്യാനാണ് തനിക്കിഷ്ടമെന്നും ആസിഫ് പറഞ്ഞു. പുതിയ ചിത്രമായ കാസർഗോൾഡിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.

‘ഒരു സമയത്ത് ആസിഫ് അലി ചിത്രങ്ങൾ കണ്ട് കുട്ടികൾ വഴിതെറ്റുന്നു എന്ന ചീത്തപ്പേര് എനിക്കുണ്ടായിരുന്നു. ബോക്സർ, ന്യു ജനറേഷൻ എന്ന് വിളിക്കപ്പെടുന്ന സിനിമകളിൽ ഞങ്ങൾ സ്റ്റക്കായിരുന്നു. അതിന് ഒരുപാട് കുറ്റംപറച്ചിലുകൾ കേട്ടിട്ടുണ്ട്.
അതിൽ നിന്നും മാറികൊണ്ട് വേറൊരു തലത്തിലുള്ള ഫീൽഗുഡ് സിനിമകൾ ചെയ്തു, ത്രില്ലറുകൾ ചെയ്തു. പിന്നെ അതിൽ നിന്നൊക്കെ മാറി ഫെസ്റ്റിവൽ മൂഡുള്ള ഹണി ബീ, കിളിപോയി പോലുള്ള സിനിമകൾ ചെയ്തു. ഇത്തരത്തിലുള്ള സിനിമകൾക്ക് മലയാളത്തിൽ സ്പേസുകൾ വളരെ കൂടുതലാണെന്ന് മനസിലാക്കി തന്നെയാണ് ഈ സിനിമകളൊക്കെ ചെയ്തത്.

‘തീയറ്ററിൽ വന്ന് ആളുകൾക്ക് ആഘോഷത്തോടെ കാണാൻ പറ്റുന്ന സിനിമകൾ ചെയ്യാനാണ് എനിക്കിപ്പോഴും ആഗ്രഹം. അത്തരത്തിലുള്ള സിനിമകൾക്ക് വേണ്ടി നമ്മൾ എടുക്കേണ്ട എഫേർട്ട് വലുതാണ്,’ ആസിഫ് പറഞ്ഞു.

‘ബിടെക് സിനിമയുടെ തുടർച്ചയെന്ന് പറയാവുന്ന രീതിയിലുള്ള സിനിമയാണ് കാസർഗോൾഡ്. കഴിഞ്ഞ കുറെ സിനിമകളിൽ നിന്ന് മാറി തീയേറ്ററിൽ വന്ന് ആളുകൾക്ക് ആഘോഷമാക്കി കാണാൻ പറ്റുന്ന ഒരു സിനിമയാണിത്. അന്യഭാഷ സിനിമകൾ കണ്ട് അതിലെ ഫൈറ്റ് സീനും മാസ്സ് സീനുമൊക്കെ കണ്ട് നമ്മുടെ ആളുകൾ കയ്യടിക്കുന്നുണ്ട്. അത്തരത്തിലുള്ള തീയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമ ചെയ്യണം എന്നുള്ളതായിരുന്നു കാസർഗോൾഡ് കമ്മിറ്റ് ചെയ്യാനുള്ള ആദ്യ കാരണം.


പിന്നെ മൃദുലിന്റെ കൂടെ ചെയ്യുന്ന രണ്ടാമത്തെ സിനിമ എന്ന് പറയുമ്പോൾ ബിടെക്കിന്റെ മുകളിൽ നിൽക്കണമെന്നുണ്ടായിരുന്നു. നല്ലൊരു സിനിമ സംഭവിക്കാനുള്ള എല്ലാ എലെമെന്റ്സും ഒരുമിച്ച് വന്നു,അങ്ങനെയാണ് കാസർഗോൾഡ് സംഭവിക്കുന്നത്,’ താരം പറഞ്ഞു.

Content Highlight: Do children go astray after watching Asif Ali movies