| Saturday, 29th May 2021, 9:23 am

യു.എസ് പറഞ്ഞാലും യു.കെ പറഞ്ഞാലും വാട്‌സ്ആപ്പ് കേള്‍ക്കില്ലേ, പിന്നെന്തുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്തതെന്ന് രവിശങ്കര്‍ പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.ടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദ്.

ഇന്ത്യയിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ്സ് നടത്തുന്നതിലും തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും രവി ശങ്കര്‍ ചോദിച്ചു.

‘ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ലിങ്ക്ഡ്ഇന്‍ തുടങ്ങിയവയ്ക്ക് 130 കോടി ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഞങ്ങള്‍ ഇത് സ്വാഗതം ചെയ്യുന്നു. ആളുകള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും അവയിലൂടെ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും വേണം. ഞങ്ങള്‍ അതിനെ മാനിക്കുന്നു. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ്സ് നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. അത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. അത് സംഭവിക്കുമ്പോള്‍, ഒരു വ്യക്തി എന്തുചെയ്യണം?” ഇന്ത്യാ ടുഡേയോട് അദ്ദേഹം പ്രതികരിച്ചു.

അക്രമം, കലാപം, ഭീകരത, ബലാത്സംഗം, ദേശീയ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സന്ദേശങ്ങളുടെ ഉറവിടമാണ് വാട്ട്‌സ്ആപ്പില്‍ നിന്ന് അറിയാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വ്യാജ സന്ദേശങ്ങളുടെ ഉത്ഭവം അറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ വിധിന്യായങ്ങളില്‍ പറഞ്ഞിട്ടണ്ടെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

2020 ലെ ദല്‍ഹി കലാപത്തില്‍, ശക്തമായ ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകള്‍ കാരണം നിരവധി ആളുകള്‍ പിടിക്കപ്പെട്ടെന്നും അതിനാല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളെ സഹായിക്കേണ്ടത് ഈ സോഷ്യല്‍ മീഡിയ കമ്പനികളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇത് ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കില്ലെന്നും രവി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

” എനിക്ക് ഒരു ചോദ്യം ചോദിക്കണം. യു.എസ് അല്ലെങ്കില്‍ യു.കെ സര്‍ക്കാരുകള്‍ തീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളുടെ ഉത്ഭവം ആവശ്യപ്പെടുമ്പോള്‍, ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ അത് നല്‍കുന്നു. പിന്നെ എന്തുകൊണ്ട് അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനായി ഇത് ചെയ്യാന്‍ കഴിയില്ല?” രവി ശങ്കര്‍ ചോദിച്ചു.

അതേസമയം, സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സ്ആപ്പ് ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തിരുന്നു.

സ്വകാര്യത ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളെന്ന് വാട്സ്ആപ്പ് പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്‌സാപ്പ് ഹര്‍ജിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Do business in India by all means, but follow the laws: RS Prasad on social media rules  Exclusive

We use cookies to give you the best possible experience. Learn more