ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് പര്‍വേസ് മുഷറഫ്
Daily News
ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് പര്‍വേസ് മുഷറഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th October 2014, 5:19 pm

pervez[] കറാച്ചി: ഇന്ത്യ പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്നും കരാര്‍ ലംഘിക്കുന്ന ഇന്ത്യയുടെ നിലപാട് പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭാഗത്തു നിന്ന് തുടര്‍ച്ചയായി ഉണ്ടാവുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ശുഭകരമായ കാര്യമല്ല. പാകിസ്ഥാന്റെ ക്ഷമ പരീക്ഷിക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടാവുന്നതെന്നും  മുഷറഫ് കൂട്ടിച്ചേര്‍ത്തു.

ആവര്‍ത്തന വിരസതയുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് ചട്ടങ്ങളാണ് പാകിസ്ഥാനിലുള്ളതെന്നും രാജ്യത്തിന്റെ നവോത്ഥാനത്തിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഷരഫിന്‍രെ ഈ പരാമര്‍ശം.

അതേസമയം ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ അഞ്ചാംദിനവും പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആര്‍എസ് പുര, ഗുല്‍മാര്‍ഗ് മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്‌സൈന്യം വെടിവെപ്പ് നടത്തുന്നത്.

വെള്ളിയാഴ്ച പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ 17 വയസ്സുകാരി കൊല്ലപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഷെല്ലാക്രമണങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന ആരോപണവുമായി പര്‍വേസ് മുഷറഫ് രംഗത്ത് വന്നിരിക്കുന്നത്.