താല്‍പര്യമില്ലാത്തവരെ ഡി.എന്‍.എ പരിശോധനയ്ക്ക് നിര്‍ബന്ധിക്കരുത്: സുപ്രീംകോടതി
national news
താല്‍പര്യമില്ലാത്തവരെ ഡി.എന്‍.എ പരിശോധനയ്ക്ക് നിര്‍ബന്ധിക്കരുത്: സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd October 2021, 9:14 am

ന്യൂദല്‍ഹി: ഡി.എന്‍.എ പരിശോധന നിര്‍ബന്ധിച്ച് ചെയ്യിക്കരുതെന്ന് സുപ്രീംകോടതി. ഡി.എന്‍.എ. പരിശോധനയ്ക്ക് താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റേയും സ്വകാര്യതയുടേയും ലംഘനമാണെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.

ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍നിന്ന് കോടതികള്‍ സ്വാഭാവികമായി വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

കക്ഷികളുടെ താല്‍പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്.

അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: DNA test to be ordered only in deserving cases, forcing someone infringes right to privacy: Supreme Court