| Wednesday, 28th August 2024, 5:29 pm

മുണ്ടക്കൈ ഉരുൾപൊട്ടൽ; ഡി.എൻ.എ പരിശോധന ഫലം പുറത്ത്, 36 പേരെക്കൂടി തിരിച്ചറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 36 പേരുടെ മൃതദേഹം കൂടി ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ബന്ധുക്കളിൽ നിന്ന് ശേഖരിച്ച 73 രക്ത സാമ്പിളുകളുമായി 17 മൃതദേഹങ്ങളിൽ നിന്നും 56 ശരീര ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ഡി.എൻ.എ സാമ്പിളുകൾ ചേരുകയായിരുന്നു. തിരിച്ചറിഞ്ഞവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്ത് വിട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. മുണ്ടക്കൈ, ചൂരൽ മല, അട്ടമല എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളായിരുന്നു ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നത്. ഇനിയും പരിശോധന ഫലം പുറത്ത് വരാനുണ്ട്.

തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും ഡി.എൻ.എ പാരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനുമായുള്ള പ്രോട്ടോക്കോൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.എൻ.എ. പരിശോധനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ചത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക നമ്പർ നൽകിയാണ് സംസ്കരിച്ചിരുന്നത്.

മാനന്തവാടി സബ് കളക്ടർക്ക് മൃതദേഹം വിട്ട് നൽകുന്നതിനായി ഒരു അപേക്ഷ നൽകിയാൽ ബന്ധുക്കൾക്ക് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ കൊണ്ടുപോകാവുന്നതാണ്.

ജൂലൈ 30ന് പുലർച്ചെ ഒരുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. രണ്ടരയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടാവുകയായിരുന്നു. തുടർന്ന് മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത നാശനഷ്ടമുണ്ടാവുകയും നിരവധിപേർ മരണപ്പെടുകയും ചെയ്തു. 130 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

Content Highlight: DNA test results identified 36 more people

We use cookies to give you the best possible experience. Learn more