[]കൊല്ലം: പശുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ഡി.എന്‍.എ ടെസ്റ്റിലൂടെ പരിഹരിച്ചു. ഇതോടെ അയല്‍ക്കാരായ രണ്ട് സ്ത്രീകള്‍ക്കിടയിലെ രണ്ട് വര്‍ഷം നീണ്ട തര്‍ക്കത്തിനാണ് പരിഹാരമായിരിക്കുന്നത്.
പത്തനാപുരം കുമരംകുടി ജി.എസ് ഭവനില്‍ ഗീതയുടെ പരാതിയാണ് കേസിനാധാരം. മേയാനായി പോയ പശുവിനെ സമീപവാസിയായ വിജയവിലാസത്തില്‍ ശശികല മോഷ്ടിച്ചുവെന്നായിരുന്നു ഗീതയുടെ പരാതി. എന്നാല്‍ പശു തന്റേതാണെന്നായിരുന്നു ശശികലയുടെ വാദം.
പശുവിന്റെ ഉടമസ്ഥത സംബന്ധിച്ച് ഇരു സ്ത്രീകളും സ്വന്തം വാദത്തില്‍ ഉറച്ചുനിന്നതോടെ പ്രശ്‌നം നിയമത്തിന്റെ വഴിക്ക് നീങ്ങി. ശശികലയുടെയും മകന്റെയും പേരില്‍ മോഷണക്കുറ്റം ചുമത്തി അന്വേഷണം തുടങ്ങി. അറസ്റ്റിലായ ഇരുവരും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി.
പോലീസ് നടത്തിയ അന്വേഷണത്തിന്റെ തള്ളപ്പശു ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. അതോടെ ഡി.എന്‍.എ ടെസ്റ്റ് നടത്താനുള്ള വഴി തെളിഞ്ഞു. ടെസ്റ്റ് നടത്താന്‍ 2014 ജനുവരി ആറിന് കോടതി അനുമതി നല്‍കുകയും ചെയ്തു. ഇതിനായി 17,000 രൂപ ഗീത കോടതിയില്‍ കെട്ടിവെച്ചിരുന്നു. കഴിഞ്ഞദിവസമാണ് പരിശോധനയുടെ ഫലം പുറത്തുവന്നത്.
തര്‍ക്കത്തിലുള്ള പശുവിന്റെയും അതിന്റെ തള്ളപ്പശുവിന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയും ചെയ്തു. പരിശോധന ഫലം വന്നതോടെ ഗീതയുടെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.
പശുവിന്റെ ഉടമസ്ഥാവകാശം ശശികലയ്ക്കും മകനും ലഭിച്ചു. ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ട മോഷണക്കുറ്റം പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, കേസില്‍ നിരപരാധിയെന്ന് തെളിഞ്ഞതോടെ ശശികല മാനനഷ്ടത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പരാതികാരണം തന്റെ കക്ഷിക്കുണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശശികലയുടെ അഭിഭാഷകന്‍ എന്‍. ചന്ദ്രബാബു അറിയിച്ചു.