| Friday, 5th August 2022, 2:13 pm

ആളുമാറി സംസ്‌കരിച്ചത് തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മൃതദേഹമെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്; നടന്നത് കൊലപാതകമെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട്.

ഈ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന സംശയത്തില്‍ അവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ഇവരീമൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനക്കായി അയക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരം പൊലീസിന് കിട്ടിയെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ജൂലായ് 17നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്.

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കല്‍ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ ഏഴിന് മേപ്പയ്യൂരില്‍ നിന്നു കാണാതായ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകി(36)ന്റെ മൃതദേഹമാണെന്നു കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.

കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ യുവാവ് നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയത്.

പേരാമ്പ്ര എ.എസ് പി.ടി.കെ. വിഷ്ണുപ്രദീപ്, പെരുവണ്ണാമൂഴി സി.ഐ സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷണ സംഘം പുറക്കാട്ടിരിയിലെത്തി യുവാവ് പുഴയില്‍ ചാടിയെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശ്ശേരി കൈതപ്പൊയില്‍ ചെന്നിപ്പറമ്പില്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മുഖ്യപ്രതിയായ ഇയാള്‍ ദുബായിയിലാണ്.

CONTENT HIGHLIGHTS:  DNA report that the dead body of kidnapped Irshad was cremated; The police said it was a murder

We use cookies to give you the best possible experience. Learn more