കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട്.
ഈ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന സംശയത്തില്‍ അവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ഇവരീമൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനക്കായി അയക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരം പൊലീസിന് കിട്ടിയെന്നാണ് സൂചന.
തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ജൂലായ് 17നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്.
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കല്‍ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ ഏഴിന് മേപ്പയ്യൂരില്‍ നിന്നു കാണാതായ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകി(36)ന്റെ മൃതദേഹമാണെന്നു കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.